കാസർകോട്: ബളാൽ പഞ്ചായത്തിലെ കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ. കല്ലും ചെളിയും വന്ന് നിറഞ്ഞ് ബളാൽ രാജപുരം റോഡിലെ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. മൂന്ന് വീടുകൾ അപകടാവസ്ഥയിലാണ്. ഇവിടുത്തെ ആളുകെ ബന്ധുവീട്ടുകളിലേക്ക് മാറ്റി. കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കണ്ണൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കാസർകോട് അടക്കം ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമായത്. 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്