ആലപ്പുഴ: എടത്വയിലെ തുണിക്കടയിലെ അക്രമവും മോഷണവും അന്വേഷിക്കാൻ നൽകിയ പരാതിയിൽ നടപടിയെടുക്കാതെ അലംഭാവം കാട്ടിയ വിവാദ നായകനായ എസ്ഐ നേരിട്ട് ഹാജരായി വിശദീകരണം ഹൈക്കോടതിയുടെ ഉത്തരവ്. എടത്വായിലെ വാലയിൽ ടെക്സ്റ്റൈൽസിൽ 2108 ൽ നടന്ന മോഷണത്തെക്കുറിച്ച് ഉടമ പരാതി നൽകിയിട്ട് അന്വേഷണം നടത്താതെ റിപ്പോർട്ട് സമർപ്പിച്ച മുൻ എടത്വ എസ്ഐ കെജി രതീഷിൻ്റെ നടപടിയിലാണ് കോടതി ഉത്തരവ്.
വിദേശമദ്യം പിടിച്ച കേസ് ഒതുക്കാൻ വൻതുക കൈക്കൂലി മേടിച്ച സംഭവത്തിൽ സസ്പെൻഷനിലായ ആലപ്പുഴ സൗത്ത് എസ് ഐ കെജി രതീഷ് ഈ മാസം 14 ന് കോടതിയിൽ ഹാജരാകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. 2018 ൽ രതീഷ് എടത്വാ എസ് ഐ ആയിരിക്കെയാണ് വാലയിൽ ടെക്സ്റ്റയിൽസിലെ മോഷണത്തെക്കുറിച്ച് അന്വേഷിക്കാതെ റിപ്പോർട്ട് നൽകിയത്.
ടെക്സ്റ്റയിൽസിൽ നിന്ന് 11 ലക്ഷത്തിലേറെ രൂപയുടെ തുണിത്തരങ്ങളാണ് മോഷണം പോയത്. എടത്വാ പോലീസ് ക്രൈം രജിസ്റ്റർ ചെയ്തെങ്കിലും ശരിയായ അന്വേഷണം നടത്താതെ പ്രതി രക്ഷപെടാവുന്ന നിലയിൽ ഉള്ള വകുപ്പുകൾ മാത്രം ഉൾപ്പെടുത്തിയാണ് പോലീസ് കേസ് എടുത്തത്.
തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച ഹൈക്കോടതി മുൻ എസ്ഐ കേസ് ഡയറിയുമായി നേരിട്ട് ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ടെക്സ്റ്റയിൽ ഉടമയ്ക്കു വേണ്ടി അഡ്വ.സോനു അഗസ്റ്റിനാണ് ഹാജരായത്. ചിലരിൽ നിന്ന് കൈക്കൂലി വാങ്ങിയാണ് എസ്ഐ അന്വേഷണത്തിൽ അലംഭാവം കാട്ടിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഏഴ് വർഷം മുമ്പാണ് ജോൺസൺ വി ഇടിക്കുള നടത്തി വന്ന എടത്വാ ടൗണിലെ വാലയിൽ ടെക്സ്റ്റയിൽസ് എന്ന സ്ഥാപനത്തിൽ അക്രമവും മോഷണവും ഉണ്ടായത്. വി സി ചാണ്ടിയിൽ നിന്നും വധഭീഷണി ഉൾപെടെ ഉണ്ടെന്നു കാണിച്ച് ജോൺസൺ 2018 മെയ് 29 ന് എടത്വാ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെ ജൂൺ മാസത്തിൽ ഉണ്ടായ അക്രമത്തിൽ പരിക്കേറ്റ ജോൺസൺ ഏഴു ദിവസം വണ്ടാനം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഈ സമയം പ്രതി സംഘമായി വന്ന് സ്ഥാപനത്തിൻ്റെ താഴ് അറത്ത് മാറ്റിയ ശേഷം മറ്റൊരു താഴ് ഇട്ട് പൂട്ടിയത്രേ. ആശുപത്രിയിൽ പോലീസ് മൊഴിയെടുക്കാൻ എത്തിയപ്പോൾ ഈ വിവരം ജോൺസൺ ഇക്കാര്യം അറിയിച്ചിരുന്നു.
കടയിൽ നിന്നും സാധനങ്ങൾ എല്ലാം മോഷ്ടിക്കപെടുമെന്ന് സംശയമുള്ളതിനാൽ എടത്വാ പോലീസിൽ പരാതിയും നൽകിയിരുന്നു. ആലപ്പുഴ മുൻസിഫ് കോടതിയിൽ വിസി ചാണ്ടിക്കെതിരേ നൽകിയ ഹർജിയിൽ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ കട തുറന്നപ്പോൾ വസ്ത്രങ്ങളും രേഖകളും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
വിവിധ കമ്പിനികളുടെ വസ്ത്രങ്ങൾ, നിരവധി രേഖകൾ, ഫയലുകൾ കടയിലെ ജീവനക്കാരിയുടെ മൊബൈൽഫോൺ,തിരിച്ചറിയൽ കാർഡ്, ആധാർകാർഡ്, പണം അടങ്ങിയ ബാഗ് തുടങ്ങിയവയും മോഷണം പോയിരുന്നു. എടത്വാ പോലീസിൽ നേരിട്ട് ഹാജരായി പരാതി നൽകിയിരുന്നെങ്കിലും ജീവനക്കാരിയുടെ മൊഴി പോലും പോലീസ് ഇതുവരെ രേഖപ്പെടുത്തിയില്ല.
സംഭവങ്ങൾ യഥാസമയം പോലീസിൽ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാഞ്ഞതിനെ തുടർന്നാണ് അഡ്വ.സോനു അഗസ്റ്റിൻ മുഖേന ഉടമ ഹൈക്കോടതിയെ സമീപിച്ചത്.