ബംഗളൂരു: ലഹരിമരുന്നുകേസില്‍ ഒരു പ്രമുഖ നടി കൂടി പിടിയിലാകാൻ സാധ്യത. ഈ നടിയുടെ വീട്ടില്‍ റെയ്ഡ് നടത്താനുള്ള ഒരുക്കത്തിലാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്. കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിലൂടെയാണ് നടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
ലഹരിമരുന്ന് ഇടപാടില്‍ ഉള്‍പ്പെട്ട 30 പ്രമുഖരുടെ പേരുകള്‍ അറസ്റ്റിലായ സഞ്ജന ഗല്‍റാണി അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി. സിനിമാരംഗത്തെ പ്രമുഖരും എംപിമാരും എംഎല്‍എമാരും അടക്കം രാഷ്ടീയനേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും മക്കളും ഇതിലുള്‍പ്പെടും. രണ്ടുനടിമാരെയും ‘നിംഹാന്‍സി’നുകീഴിലുള്ള വനിതാകേന്ദ്രത്തില്‍ വെവ്വേറെയാണ് ചോദ്യംചെയ്യുന്നത്.
മയക്കുമരുന്ന് ഉപയോഗിച്ചെന്നും അരൂര്‍ സ്വദേശി നിയാസ് മുഹമ്മദ് സുഹൃത്താണെന്നും സഞ്ജന സമ്മതിച്ചു. പാര്‍ട്ടികളിലേക്ക് നിയാസ് കേരളത്തില്‍നിന്നാണ് ലഹരിയെത്തിച്ചിരുന്നത്. കൊറോണ നിയന്ത്രണങ്ങള്‍ക്കിടയിലും രഹസ്യമായി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. പാര്‍ട്ടികളില്‍ പങ്കെടുത്ത പ്രമുഖരുടെ വിവരങ്ങളും വെളിപ്പെടുത്തി. രണ്ടുനടിമാരും വെളിപ്പെടുത്തിയ പ്രമുഖരുടെ പേരുകള്‍ ഒന്നുതന്നെയാണെന്ന് അന്വേഷണസംഘം പറഞ്ഞു.
അതിനിടെ ലഹരിമരുന്ന് റെയ്ഡിന്റെ വിവരം രണ്ടുമാസംമുമ്പ് പ്രതികള്‍ക്ക് ചോര്‍ന്നുകിട്ടിയതായി അന്വേഷണസംഘം കണ്ടെത്തി. പോലീസില്‍നിന്നാണ് വിവരം ചോര്‍ന്നതെന്നാണ് അനുമാനം. നടി രാഗിണി ദ്വിവേദിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിസിബി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍, ബിസിനസുകാരന്‍ പ്രശാന്ത് രംഗ എന്നിവര്‍ തമ്മിലുള്ള മൊബൈല്‍ ചാറ്റില്‍നിന്നാണ് റെയ്ഡിന്റെ വിവരം ചോര്‍ന്ന കാര്യം കണ്ടെത്തിയത്. ഇവര്‍ തമ്മില്‍ 23 സന്ദേശങ്ങളാണ് കൈമാറിയത്.
കേസില്‍ അന്വേഷണം നടത്തുന്ന ജോയന്റ് പോലീസ് കമ്മിഷണര്‍ സന്ദീപ് പാട്ടില്‍ റെയ്ഡിന് തയ്യാറെടുക്കുന്നുണ്ടെന്നാണ് സന്ദേശത്തിലുള്ളത്. ആഫ്രിക്കക്കാരന്‍ ലോംപെപ്പര്‍ സാംബയോട് രവിശങ്കര്‍ ലഹരിമരുന്ന് ആവശ്യപ്പെട്ടതിന്റെ വിവരവും മൊബൈല്‍ഫോണില്‍നിന്നു ലഭിച്ചു. ലഹരി ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം മൂന്നായി തിരിച്ചിരിക്കുകയാണ്. പാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നവര്‍, ലഹരിമരുന്നെത്തിക്കുന്നവര്‍, ശൃംഖലയെ നിയന്ത്രിക്കുന്നവര്‍ എന്നിങ്ങനെ ലാക്കാക്കിയാണ് അന്വേഷണം. കന്നഡ സിനിമയില്‍നിന്നുള്ള വിവരശേഖരണത്തിനുശേഷം കേരളം അടക്കമുള്ള ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.