മലപ്പുറം: ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന എംസി കമറുദ്ദീൻ എംഎൽഎയ്ക്കെതിരേ ലീഗ് അച്ചടക്ക നടപടിയെടുത്തു. കമറുദ്ദീനെ യുഡിഎഫിന്റെ കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി.
പാണക്കാട്ട് ചേർന്ന മുസ്ലിംലീഗ് നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നിക്ഷേപകർക്ക് ആറ് മാസത്തിനുള്ളിൽ പണം മടക്കി നൽകണമെന്നും ലീഗ് നിർദേശിച്ചു. പാർട്ടി യോഗത്തിനുശേഷം പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി,കെപിഎ മജീദ് എന്നിവരാണ് അച്ചടക്ക നടപടി അറിയിച്ചത്.
കമറുദ്ദീന്റെ ബാധ്യതകളുടെയും ആസ്തിയുടെയും വിവരങ്ങളും സെപ്റ്റംബർ 30നകം പാർട്ടിക്ക് കൈമാറണം. ബാധ്യതകൾ പാർട്ടി ഏറ്റെടുക്കില്ല. പ്രശ്നങ്ങൾ കമറുദ്ദീൻ തന്നെ പരിഹരിക്കണം. നിക്ഷേപതട്ടിപ്പിൽ മധ്യസ്ഥതയ്ക്കായി ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയെ നിയോഗിച്ചെന്നും പാർട്ടി നേതാവായതിനാലാണ് ഇക്കാര്യത്തിൽ പാർട്ടി ഇടപെട്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത് ഒരു വഞ്ചനയോ തട്ടിപ്പോ അല്ലെന്നും ഒരാള്‍ തുടങ്ങിയ ബിസിനസ് പൊളിഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കേസുമായി മുന്നോട്ട് പോകുന്നവർക്ക് പോകാം. പണം വേണ്ടവർക്ക് മടക്കി നൽകും. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ പാർട്ടി പ്രവർത്തകരും സ്ഥാനമാനങ്ങളിൽനിന്നും മാറി നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള എന്നിവരുമായി പാണക്കാട് തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. കമറുദ്ദീനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കമറുദ്ദീനുമായുള്ള കൂടിക്കാഴ്ച പാണക്കാട് തങ്ങള്‍ ഒഴിവാക്കിയിരുന്നു. നേരത്തേ, വ്യാഴാഴ്ച പാണക്കാടെത്തി വിശദീകരണം നല്‍കാനായിരുന്നു ലീഗ് നേതൃത്വം കമറുദ്ദീന് നല്‍കിയിരുന്ന നിര്‍ദ്ദേശം. കടുത്ത നടപടി ഒഴിവാക്കാന്‍ എന്‍എ നെല്ലിക്കുന്നും ടിഇ അബ്ദുള്ളയും കമറുദ്ദീനെ സഹായിച്ചതായാണ് സൂചന.