ബെയ്‌റൂട്ട്: കഴിഞ്ഞ മാസം ലോകത്തെ നടുക്കിയ ബെയ്റൂത്ത് പോർട്ടിലെ സ്ഫോടനത്തിന് ഒരു മാസത്തിന് ശേഷം വീണ്ടും വൻ അഗ്നിബാധ. ബെയ്റൂത്തിലെ ഇന്ധന സൂക്ഷിപ്പ് കേന്ദ്രത്തിലാണ് അഗ്നിബാധയുണ്ടായതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ബെയ്റൂത്തിൽ കഴിഞ്ഞ മാസമുണ്ടായ വൻ സ്ഫോടത്തിന്റെ ഭീതി കെട്ടടങ്ങും മുൻപാണ് തലസ്ഥാനത്ത് വീണ്ടും അഗ്നിബാധ ഉണ്ടായിരിക്കുന്നത്. കടുത്ത പുകയും തീയും ഉയരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹെലികോപ്ടർ ഉപയോഗിച്ചും മറ്റും തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് സെെന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബെയ്റൂത്ത് പോർട്ടിലെ അമോണിയം നെെട്രേറ്റ് ശേഖരത്തിൽ കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഉണ്ടായ സ്ഫോടനത്തിൽ നൂറ്റിതൊണ്ണൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്ഫോടനത്തെ തുടർന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത് ലബനൻ സർക്കാർ രാജി വെക്കുകയുണ്ടായി. മൃതദേഹങ്ങൾ ഇനിയും ലഭിക്കാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. സംഭരണ ശാലയിൽ സൂക്ഷിച്ച 2750 ടൺ അമോണിയം നൈട്രേറ്റിന് തീപിടിച്ചാണ് സ്‌ഫോടനമുണ്ടായത്.