92 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

പത്തനംതിട്ട: കുമ്പഴ മനയത്ത് വീട്ടില്‍ ജാനകിയെ (92) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ജില്ല പൊലീസ് മേധാവി കെ.ജി. സൈമണിന്​ വ്യാഴാഴ്​ച പരാതി നല്‍കും.

എന്തിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് അറിയണമെന്ന് മകന്‍ അജയഘോഷ് പറഞ്ഞു. വീട്ടില്‍നിന്ന് പണം നഷടപ്പെട്ടിട്ടില്ല. അമ്മക്ക്​ ചെറിയ ഒാര്‍മക്കുറവുള്ളതിനാല്‍ ആഭരണങ്ങള്‍ ധരിപ്പിക്കാറില്ല. വീട്ടുവേലക്ക് നിയോഗിച്ചിരുന്ന ഭൂപതിയുടെ കൈയിലാണ്​ ചെലവിനുള്ള പണവും നല്‍കിയിരുന്നത്. അവരെ വിശ്വാസമായിരുന്നു. അമ്മയെ ഭൂപതി നല്ലനിലയിലാണ് നോക്കിയിരുന്നത്. പ്രതി മയില്‍സ്വാമിയുമായി ഞങ്ങള്‍ക്ക് ബന്ധമില്ല.

അയാളെ ഒപ്പം കൂട്ടിയത് ബന്ധുവായ ഭൂപതിയാണ്വീട്ടുജോലിക്ക് ഭൂപതിയെ സഹായിച്ചിരുന്നതുകൊണ്ട് ഞങ്ങള്‍ അയാളെ അവിടെ താമസിപ്പിക്കുന്നതിന് എതിരല്ലായിരുന്നു. പിന്നെ എന്തിന് അയാള്‍ അമ്മയെ കൊലപ്പെടുത്തിയെന്ന് ഞങ്ങള്‍ക്ക് അറിയണം. മയില്‍സ്വാമിക്ക് മാനസിക പ്രശ്നങ്ങള്‍ എന്തെങ്കിലും ഉള്ളതായി അറിവില്ലെന്നും അജയഘോഷ് പറഞ്ഞു.

ജാനകിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം കുമ്ബഴയിലെ വീട്ടുവളപ്പില്‍ ബുധനാഴ്ച വൈകീട്ട് സംസ്കരിച്ചു. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്നാണ് ജാനകി മരിച്ചതെന്നാണ് പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.

പ്രതിയെ കസ്​റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും

പത്തനംതിട്ട: ജാനകിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മയില്‍സ്വാമിയെ കസ്​റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും. കൊലപാതകത്തി​െന്‍റ കാരണം അറിയാന്‍ മയില്‍സ്വാമിയെ കസ്​റ്റഡിയിലെടുക്കണം.

മയില്‍സ്വാമിയുടെ പേരില്‍ കാണപ്പെട്ട കത്തുകള്‍ ഇയാളുടേത് തന്നെയാണോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തും.കത്തില്‍ പരാമര്‍ശിക്കുന്ന ഭൂപതി, മകള്‍, ഒാട്ടോ ഡ്രൈവര്‍ എന്നിവരില്‍നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.