കോട്ടയം: കോൺഗ്രസിനെ ചതിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി എംപി. ജോസ് വിഭാഗം കോൺഗ്രസിനെ വഞ്ചിച്ചെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു മറുപടി നൽകുകയായിരുന്നു ജോസ് കെ. മാണി. പാലായിൽ പിജെ ജോസഫും യുഡിഎഫും നടത്തിയതാണ് രാഷ്ട്രീയ വഞ്ചന. നാൽപതു വർഷം ഒപ്പംനിന്ന യുഡിഎഫിനെ ചതിച്ചിട്ടില്ല. ഉറപ്പു നൽകിയ രണ്ടില ചിഹ്നം നൽകാൻ പോലും കോൺഗ്രസിന് ആയില്ല.
ചതി കേരളാ കോൺഗ്രസിന്റെ സംസ്കാരമല്ല. യുഡിഎഫിലെ എല്ലാ ധാരണകളും ഇന്നോളം കേരള കോൺഗ്രസ് പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പാലാ തോൽവി സംബന്ധിച്ച് അന്വേഷണം നടത്താനുള്ള ആവശ്യം ചർച്ച ചെയ്തില്ല.
പദവികൾ രാജി വയ്ക്കേണ്ട കാര്യമില്ല. കെഎം മാണിയുടെ മരണ ശേഷം കേരള കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ ഗൂഢാലോചന പുറത്തു വന്നു. കെഎം മാണിയുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച് സർട്ടിഫിക്കറ്റ് ആവശ്യമില്ല. യുഡിഎഫ് തീരുമാനം പാർട്ടി പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെഎം മാണിയുടെ മരണത്തോടെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചു. അവിശ്വാസ പ്രമേയത്തിലെ നിലപാട് യുഡിഎഫ് ഒരിക്കൽപോലും ചർച്ച ചെയ്തിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി പങ്കിടാൻ കരാറില്ല. ഉചിതമായ സമയത്ത് തീരുമാനം എടുക്കും. കുട്ടനാട് നിലപാടും പിന്നീട് പ്രഖ്യാപിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.