ബെർലിൻ: വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബെർലിൻ ചാരിറ്റി ആശുപത്രി അധികൃതർ അറിയിച്ചു. കോമയിലായിരുന്ന അലക്സി ഉണർന്നുവെന്നും പ്രതികരണ ശേഷി കൈവന്നതായും അധികൃതർ അറിയിച്ചു.
എന്നാൽ ഉള്ളിൽ ചെന്ന വിഷത്തിന്റെ ഫലം ഉടനെ മാറില്ലെന്നും വിശദീകരണക്കുറുപ്പിൽ പറയുന്നു.
സൈബീരിയൻ പട്ടണമായ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ വിമാനത്തിലാണ് അലക്സി കുഴഞ്ഞു വീണത്. വിമാനത്തിൽ വച്ച് അബോധാവസ്ഥയിൽ ആയ അദ്ദേഹത്തെ അടിയന്തരമായി വിമാനം തിരിച്ചിറക്കി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി പിന്നീട് ജർമനിയിലേക്ക് മാറ്റുകയായിരുന്നു. അലക്സി നവൽനിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ സഹായവും നൽകുമെന്ന് ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞിരുന്നു.
അലക്സി നവൽനിക്ക് വിഷബാധ ഏറ്റതായി നേരത്തെ ജർമ്മൻ സർക്കാർ അറിയിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിന്റെ വിമർശകനായ നവൽനിക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും ആരോപണമുണ്ട്.