തിരുവല്ല: ആറുവർഷമായി കൊതുകു കടിയേറ്റ് ചികിൽസയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. കൊതുകടിയേറ്റതിനെ തുടർന്ന് ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം വരുന്ന ‘ഹെനോക് സ്കോളിന് പര്‍പുറ’ എന്ന അപൂര്‍വരോഗമാണ് കാരണമെന്ന് ഡോക്ടർമാർ പറയുന്നു. അടൂര്‍ സ്വദേശി ജെയ്സന്റെ മകള്‍ സാന്ദ്രയാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സാന്ദ്രയുടെ അന്ത്യം. ഏതാനും മാസങ്ങളായി സാന്ദ്ര ചികിത്സയിലായിരുന്നു.
2014-ല്‍ ആയിരുന്നു സാന്ദ്രയ്ക്ക് കൊതുകുകടിയേറ്റത്. ഷാര്‍ജയില്‍ നിന്നും സ്കൂൾ അവധിക്ക് പത്തനംതിട്ട ജില്ലയിലെ അടൂരില്‍ വന്നപ്പോള്‍ ആയിരുന്നു കൊതുക് കടിയേറ്റത്. ആദ്യം ചിക്കന്‍പോക്സിന്റെ രൂപത്തിലാണ് രോഗം വന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭേദമാകാഞ്ഞ് നടത്തിയ പരിശാധനകളിലാണ് രോഗം കണ്ടെത്തിയത്.
തുടര്‍ചികിത്സയില്‍ രോഗം ഭേദമായപ്പോള്‍ യുഎഇയിലേക്ക് മടങ്ങിയ സാന്ദ്ര സ്കൂളില്‍ പോവാന്‍ തുടങ്ങിയിരുന്നു.ദിവസങ്ങള്‍ക്കകം പാടുകള്‍ കൂടിവരികയും ശരീരം തടിച്ചുവീര്‍ക്കുകയും ചെയ്തു. കണ്ണുകളുടെ കാഴ്ചകൂടി നഷ്ടമായതോടെ വീണ്ടും ചികിത്സ തേടി. രോഗംകുറഞ്ഞ് സാന്ദ്ര വീണ്ടും സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തി.
2019-ല്‍ നടത്തിയ ബയോപ്സിയില്‍ വൃക്കകള്‍ 70 ശതമാനത്തില്‍ അധികം പ്രവര്‍ത്തനരഹിതമാണെന്ന് തിരിച്ചറിഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്ന സാന്ദ്ര പ്രതികൂല സാഹചര്യത്തിലും 75% മാര്‍ക്കൊടെയാണ് ഈ വര്‍ഷം വിജയിച്ചത്.