കൊറോണയ്ക്കെതിരായ ഹോമിയോ ചികിൽസ ; ഐഎംഎയ്ക്ക് അസഹിഷ്ണുതയെന്ന് ഹോമിയോ മെഡിക്കൽ അസോസിയേഷൻ

പത്തനംതിട്ട: കൊറോണ പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഫലപ്രദമാണെന്ന് വിദഗ്ധാഭിപ്രായം പുറത്തു വന്നതോടെ ഇതിനെതിരേ രംഗത്തിറങ്ങിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരേ ഹോമിയോ മെഡിക്കൽ അസോസിയേഷൻ. ശാസ്ത്രവിരുദ്ധത പ്രചരിപ്പിച്ച് ആരോഗ്യപ്രവർത്തകരെ അവഹേളിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിമർശിച്ചതിന് പിന്നാലെയാണ് ഹോമിയോ മെഡിക്കൽ അസോസിയേഷൻ പ്രതികരണവുമായി രം​ഗത്തെത്തിയത്. ഐഎംഎയ്ക്ക് മറ്റു ചികിൽസാ ശാഖകളോട് അസഹിഷ്ണുത എന്നായിരുന്നു ഹോമിയോ മെഡിക്കൽ അസോസിയേഷന്റെ പ്രതികരണം.

നിരവധി അലോപ്പതി ഡോക്ടർമാരും ഹോമിയോ മരുന്ന് ഫലപ്രദമാണെന്ന ആരോഗ്യ മന്ത്രിയുടെ അഭിപ്രായത്തെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ ഹോമിയോപ്പതിയെക്കുറിച്ച് ആ രംഗത്തെ വിദഗ്ധർ സംസാരിക്കുമെന്നും ഐഎംഎ ഇടപെടേണ്ട കാര്യമില്ലെന്നും ഹോമിയോ മെഡിക്കൽ അസോസിയേഷൻ പ്രതികരിച്ചു.

അതേസമയം, ഫലപ്രദമോ അല്ലയോ എന്ന വിവാദങ്ങൾക്കിടയിലും കൊറോണയ്ക്കെതിരെ ഹോമിയോ മരുന്ന് വ്യാപകമായി വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പിൻ്റെ തീരുമാനം. പത്തനംതിട്ടയിലെ രോഗബാധിത മേഖലകളിൽ ഹോമിയോ രംഗത്തെ അ‍‍ഞ്ച് വിദഗ്ധർ നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ ഹോമിയോ മരുന്ന് ഫലപ്രദമാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

എന്നാൽ സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധത്തെ അപ്പാടെ തകർക്കുന്നതാണ് മന്ത്രിയുടെ വാക്കുകളെന്നായിരുന്നു ഐഎംഎയുടെ പ്രതികരണം. സർക്കാരിന്റെ അശാസ്ത്രീയ സമീപനങ്ങളാണ് കൊറോണ വ്യാപനം രൂക്ഷമാക്കിയതെന്നും ഐഎംഎ കുറ്റപ്പെടുത്തി.