ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദി രണ്ടാം പ്രതി. കന്നഡ സിനിമാരംഗത്തെ മുൻനിര നടിയും മോഡലുമായ രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കർണാടക സിസിബി എഫ്ഐആർ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് പാർട്ടി നടത്തിയ വിരൻ ഖന്ന മൂന്നും, വ്യവസായി രാഹുൽ പതിനൊന്നാം പ്രതിയുമാണ്.
കന്നഡ സിനിമാതാരം സഞ്ജന ഗിൽറാണിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ അറസ്റ്റിലായ വ്യവസായി രാഹുൽ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഇവരേയും അന്വേഷണസംഘം ചോദ്യം ചെയ്തത്. ഇരുവരും ഒരുമിച്ച് പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിൻ്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
മലയാളത്തിൽ ഏറെ പ്രശസ്തയായ നടി നിക്കി ഗിൽറാണിയുടെ സഹോദരിയാണ് സഞ്ജന ഗിൽറാണി. നടിയുടെ വീട്ടിൽ പുലർച്ചെ പൊലീസ് പരിശോധനയും നടത്തിയിരുന്നു. അടുത്ത സുഹൃത്തായ രവിശങ്കറിനൊപ്പം നടി ബെംഗളൂരുവിലെ വീട്ടിൽ ഡ്രഗ് പാർട്ടി നടത്തിയെന്നാണ് കണ്ടെത്തൽ. രാസലഹരിവസ്തുവായ എംഎഡിഎംഎ ഈ നിശാപാർട്ടിയിലാണ് ഉപയോഗിച്ചത്. ഈ പാർട്ടിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം പുരോഗമിക്കുക.