കേരളത്തില്‍ മണ്‍സൂണ്‍ വീണ്ടും സജീവമാകും; നാളെ മുതൽ നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തൃശൂര്‍: കേരളത്തില്‍ മണ്‍സൂണ്‍ വീണ്ടും സജീവമാകും. നാളെ മുതൽ നാലുദിവസം മഴ ശക്തമാകുമെന്നാണ് പ്രവചനം. ഇത്തവണത്തെ മണ്‍സൂണില്‍ അറബിക്കടലില്‍ ആദ്യമായി രൂപംകൊള്ളുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് ഇടയാക്കുന്നത്.

ലക്ഷദ്വീപിനും കര്‍ണാടക തീരത്തിനും ഇടയില്‍ ഉത്ഭവിക്കുന്ന ന്യൂനമര്‍ദം കേരളത്തില്‍ ഭീതിവിതക്കും എന്ന തരത്തില്‍ സ്വകാര്യ കാലാവസ്ഥ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ അധികമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. മേഘങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലും സൂര്യന്റെ സഞ്ചാരപഥം തെക്കോട്ടുനീങ്ങിയതും മേഘങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിഫലനത്തിന്റെ ഭാഗമായി ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

ശേഷം സെപ്റ്റംബര്‍ രണ്ടാം പകുതിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ള ന്യൂനമര്‍ദവും സംസ്ഥാനത്ത് മഴ കൊണ്ടുവരും. ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് സാധാരണയായി ചുഴലിക്കാറ്റുകളുടെ സീസണായി കണക്കാക്കുന്നത്. എന്നാല്‍, സെപ്റ്റംബര്‍ അവസാനത്തില്‍ തന്നെ ചുഴലിക്കാറ്റിനുള്ള സാധ്യതകള്‍ വിലയിരുത്തുന്നുണ്ട്.