അമേരിക്കയിൽ രണ്ട് തവണ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കണം: ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: തിരഞ്ഞെടുപ്പ് കൃത്രിമങ്ങൾക്ക് കാരണമാകാതിരിക്കാൻ അമേരിക്കയിൽ ഈ വരുന്ന നവംബർ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ട് തവണ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കണമെന്ന് ജനങ്ങളോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം. കൊറോണ വ്യാപനത്തെ തുടർന്ന് നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചില സംസ്ഥാനങ്ങളിൽ മെയിലിലൂടെയാണ് വോട്ടെടുപ്പ്.

മെയിലിലൂടെയുള്ള വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കൃത്രിമങ്ങൾക്ക് കാരണമാകുമെന്ന് ട്രംപ് ആവർത്തിച്ചു. വോട്ട് രേഖപെടുത്തുന്നതിൽ തെറ്റ് വരാതിരിക്കാനും വ്യക്തതയുണ്ടാക്കാനുമാണ് ട്രംപ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.എന്നാൽ അമേരിക്കയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കുറവാണെന്ന് എതിർപക്ഷം പറയുന്നു. എന്നാൽ ഒരേ തിരഞ്ഞെടുപ്പിൽ രണ്ട് തവണ വോട്ടു രേഖപ്പെടുത്തുന്നതും അതിന് പ്രേരിപ്പിക്കുന്നതും ഉത്തര കരോളിന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കുറ്റകൃത്യമാണ്. ഇക്കാര്യം ചെയ്യാനാണ് ട്രംപ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കാണിച്ചാണ് ഡെമോക്രാറ്റുകൾ ട്രംപിന് എതിരേ രംഗത്ത് എത്തിയിരിക്കുന്നത്.

ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിലെത്തിയും വോട്ട് രേഖപ്പെടുത്താൻ ട്രംപ് വോട്ടർമാരോട് ആവശ്യപ്പെട്ടത്.

വെള്ളിയാഴ്ചയാണ് ഉത്തര കരോളിനയിൽ മെയിലിലൂടെയുള്ള വോട്ടെടുപ്പ് നടത്തുന്ന നടത്തുന്നത്. നിയമലംഘനത്തിനാണ് റിപ്പബ്ലിക്കൻ പ്രസിഡന്റ് പ്രോത്സാഹിപ്പിക്കുന്നതെന്ന് സ്‌റ്റേറ്റ് അറ്റോർണി ജനറൽ ജോഷ് സ്‌റ്റൈൻ ട്വീറ്റ് ചെയ്തു. രണ്ട് തവണ വോട്ടുചെയ്യാനാവശ്യപ്പെടുന്ന ട്രംപിന്റെ വീഡിയോ വൻതോതിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. വീഡിയോയുടെ പ്രസക്തഭാഗം ഇതു വരെ നീക്കം ചെയ്തിട്ടില്ലെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു.