തിരുവനന്തപുരം: സർക്കാരിനെതിരേ ഉയരുന്ന ആരോപണങ്ങൾ പ്രതിരോധിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ചേരുന്ന യോഗത്തിൽ സർക്കാരിന്റെ നൂറ് ദിനകർമ്മപദ്ധതികളുടെ പ്രാദേശിക തല പ്രചാരണമാണ് മുഖ്യ അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റടക്കം പ്രധാന പ്രചാരണായുധമാക്കുകയാണ് സിപിഎം.
പിഎസ്സി വിവാദങ്ങളിൽ പ്രതിരോധത്തിൽ നിൽക്കുമ്പോൾ ബദൽ പ്രചാരണങ്ങൾക്കും സിപിഎം രൂപം നൽകും.സ്വർണക്കടത്തിൽ അനിൽ നമ്പ്യാരടക്കം ബിജെപിയിലെ ചിലരെ വിവാദത്തിലേക്ക് കൊണ്ടുവരാനായത് വൻ നേട്ടമായെന്ന വിലയിരുത്തൽ പാർട്ടിയിൽ ചിലർക്കുണ്ട്. സ്വർണക്കടത്ത് വിവാദം വഴിതിരിച്ചുവിട്ടതിൻ്റെ ആശ്വാസത്തിലാണ് പാർട്ടി.
സെക്രട്ടേറിയറ്റ് തീപിടിത്തം ലൈഫ് തുടർ വിവാദങ്ങൾ, ബിനീഷ് കോടിയേരിക്കെതിരേ ഉയർന്ന പുതിയ ആരോപണങ്ങൾ ഇവ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആയുധമാക്കി നീന്തി കടക്കാനുള്ള തന്ത്രങ്ങൾ ചർച്ചയാകും. പാർട്ടി അംഗം കൂടിയായ ബിനീഷ് മാധ്യമങ്ങളോട് വിശദീകരിച്ച് കഴിഞ്ഞെന്നും മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അന്വേഷണത്തിൽ പുറത്തു വരട്ടെ എന്നുമാണ് സിപിഎം നിലപാട്.