ഗംഗാ ആക്ടിവിസ്റ്റും ആത്മീയ നേതാവുമായ ശിവാനന്ദ സരസ്വതി നിരാഹാര സമരം അവസാനിപ്പിച്ചു

ന്യൂഡെൽഹി: ഗംഗാ ആക്ടിവിസ്റ്റും ആത്മീയ നേതാവുമായ ശിവാനന്ദ സരസ്വതി നിരാഹാര സമരം അവസാനിപ്പിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

ഗംഗാ വിചാർ മഞ്ചിന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകുന്ന കേന്ദ്ര സർക്കാറിന്റെ കത്ത് ക്ലീൻ ഗംഗ മിഷൻ ഡയറക്ടർ കൈമാറി. തന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന് ശിവാനന്ദ സരസ്വതി പറഞ്ഞു.

ഗംഗയിലെയും പോഷക നദികളിലെയും ജല വൈദ്യുതി പദ്ധതികൾ ഉപേക്ഷിക്കാമെന്നും ഗംഗാ പരിസരത്തെ ഖനന പ്രവർത്തനങ്ങൾ നിരോധിക്കാമെന്നും കേന്ദ്രം ഉറപ്പ് നൽകി. ഗംഗാ നിയമം പാസാക്കണമെന്നും കരട് കമ്മിറ്റിയിൽ ഗംഗാ ആക്ടിവിസ്റ്റുകളെ ഉൾപ്പെടുത്താമെന്നും കേന്ദ്രം ഉറപ്പ് നൽകി.

ശിവാനന്ദ സരസ്വതിയുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്തും ക്ലീൻ ഗംഗ മിഷൻ ഡയറക്ടർ രാജീവ് രഞ്ജനും ഉറപ്പ് നൽകി. ഒരുമാസത്തെ സമരത്തിന് ശേഷമാണ് ശിവാനന്ദ സരസ്വതി നിരാഹാരം അവസാനിപ്പിക്കുന്നത്.
ശിവാനന്ദ സരസ്വതിയുടെ ആരോഗ്യസ്ഥിതി മന്ത്രി ദിനവും അന്വേഷിക്കാറുണ്ടെന്ന് ഗംഗാ വിചാർ മഞ്ച് സ്ഥാപകൻ ഭാരത് പഥക് പറഞ്ഞു.

ഓഗസ്റ്റ് മൂന്നിനാണ് ശിവാനന്ദ സരസ്വതി സമരം ആരംഭിച്ചത്. നാല് ഗ്ലാസ് വെള്ളം കുടിച്ചാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. സർക്കാർ ഗംഗാ സംരക്ഷണത്തിൽ സർക്കാറും ബന്ധപ്പെട്ട വകുപ്പുകളും ഉടനടി പ്രവർത്തിക്കേണ്ട സമയമായെന്ന് മഗ്‌സസെ പുരസ്‌കാര ജേതാവ് രാജേന്ദ്ര സിംഗ് പറഞ്ഞു. നേരത്തെ, സ്വാമി നിഗമാനന്ദയുടെ നേതൃത്വത്തിലായിരുന്നു സമരം.