തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ നിരത്തുകളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കൊറോണയുടെ ഒപ്പം ജീവിതവും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. എന്നാല്‍ ജാഗ്രത കൈവിടരുത്. ഒക്ടോബര്‍ അവസാനത്തോടെ കൊറോണ കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പരിശോധനയില്‍ രോഗികളാകുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എട്ടു ശതമാനത്തിന് മുകളിലാണ് പോസിറ്റീവിറ്റി നിരക്ക്. ഇത് അഞ്ചു ശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ലക്ഷ്യം. കൊറോണ വ്യാപനം പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നില്ല. എങ്കിലും കഴിഞ്ഞമാസമാണ് മൊത്തം കൊറോണ കേസുകളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓഗസ്റ്റില്‍ പ്രതിദിനം പതിനായിരത്തോളം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ രീതിയില്‍ വര്‍ധിച്ചില്ല. കൊറോണ വ്യാപനം പിടിച്ചുനിര്‍ത്താന്‍ ഒരു പരിധി വരെ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.