ബംഗളൂരു : എടിഎം വഴി അരി വിതരണം ചെയ്യുന്ന വിയറ്റ്നാം മോഡൽ ഇനി കർണാടകയിലും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊതുവിതരണ സംവിധാനത്തിലൂടെ അരി ലഭ്യമാക്കാന്‍ റൈസ് ഡിസ്‌പെന്‍സിംഗ് മെഷീനുകളുമായി കര്‍ണാടക സര്‍ക്കാര്‍. റൈസ് എ.ടി.എമ്മുകള്‍ എന്നാണിവ അറിയപ്പെടുക. റേഷന്‍ കടകള്‍ക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാനും 24 മണിക്കൂറും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കാനുമാണ് ഇവ സ്ഥാപിക്കുന്നതെന്ന് കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കെ. ഗോപാലയ്യ പറഞ്ഞു.
കൊറോണ ലോക്ക്ഡൗണിനിടെ ഇന്തോനീഷ്യയും വിയറ്റ്നാമും റൈസ് എടി എമ്മുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആ മാതൃകയാണ് കര്‍ണാടകയും പിന്തുടരുന്നത്. പരീക്ഷണാര്‍ത്ഥം രണ്ട് റൈസ് എടിഎമ്മുകള്‍ ആദ്യം സ്ഥാപിക്കും.
പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവ വ്യാപിപ്പിക്കും. പകല്‍ സമയത്ത് ജോലിക്ക് പോകേണ്ടതിനാല്‍ റേഷന്‍ കടകളില്‍ പോകാന്‍ സമയം ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ മുന്നില്‍ക്കണ്ടാണ് പദ്ധതി.
നൂറ് കിലോയും 500 കിലോയും വീതം അരി സംഭരിക്കാന്‍ ശേഷിയുള്ള രണ്ടുതരം മെഷീനുകളാവും സ്ഥാപിക്കുക. മെഷീനില്‍ നാണയമിട്ടാല്‍ ആവശ്യക്കാര്‍ക്ക് നിശ്ചിത അളവില്‍ ധാന്യം ലഭിക്കും.
ബാങ്ക് എടിഎമ്മുകളിലേതിന് സമാനമായ ബയോമെട്രിക് സംവിധാനമോ സ്മാര്‍ട്ട് കാര്‍ഡോ ഗുണഭോക്താക്കള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കര്‍ണാടക സര്‍ക്കാര്‍ കുടിവെള്ള എടിഎമ്മുകള്‍ നേരത്തെതന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. 20 ലിറ്റര്‍ മിനറല്‍ വാട്ടര്‍ അഞ്ച് രൂപയ്ക്ക് ലഭിക്കും.