ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ശിവസേന മുന്‍ അധ്യക്ഷനെ വെടിവെച്ച് കൊലപ്പെടുത്തി. രമേശ് സാഹു(70) ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ ഗീത സാഹു(65), മകള്‍ ജയ സാഹു(42) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്.
ഇൻഡോറിലെ വീട്ടിലേക്ക് ആക്രമിച്ചു കയറിയ മുഖംമൂടി സംഘമാണ് ഉറങ്ങിക്കിടക്കുകയായിരുന്ന രമേശ് സാഹുവിനെ വെടിവച്ച് കൊന്നത്. മൂന്ന് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് മകള്‍ പൊലീസിനോട് പറഞ്ഞു.
തേജാജി നഗറില്‍ ധാബ നടത്തുകയാണ് രമേശ് സാഹു. വീടിന് പുറത്ത് ശബ്ദം കേട്ടാണ് മകള്‍ വാതില്‍ തുറന്നത്. മകളെയും ഭാര്യയെയും ആക്രമിച്ച് ആഭരണങ്ങളും പണവും കവർന്ന ശേഷം രമേശ് ഉറങ്ങുന്ന മുറിയില്‍ കയറി വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് സംഘം വീടുവിട്ടു. അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് രമേശ് സാഹു വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് ഡിഐജി ഹരിനാരായണ്ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. കവര്‍ച്ചക്കും കൊലപാതകത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.