ന്യൂഡെല്‍ഹി: ഈ മാസം പതിനാലിന് തുടങ്ങുന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കിയ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. കൊറോണയുടെ മറവില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു. കൊറോണ മുന്‍കരുതലുകളുടെ ഭാഗമായി സമ്മേളനം നടത്തേണ്ടതിനാല്‍ ചോദ്യോത്തര വേളയും സ്വകാര്യ ബില്ലുകളും ഒഴിവാക്കുന്നുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
കൊറോണയുടെ മറവില്‍ ജനാധിപത്യത്തെയും വിയോജിപ്പുകളെയും ഇല്ലാതാക്കാന്‍ നേതാക്കള്‍ ശ്രമിക്കുമെന്ന് നാലു മാസം മുമ്പു തന്നെ താന്‍ അഭിപ്രായപ്പെട്ടിരുന്നതാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഒരു തരത്തിലും ന്യായാകരിക്കാനാവാത്ത തീരുമാനമാണ് ചോദ്യോത്തര വേള ഒഴിവാക്കിയതെന്ന് തരൂര്‍ പറഞ്ഞു.
”സര്‍ക്കാരിനെ ചോദ്യം ചെയ്യുകയെന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ജീവവായുവാണ്. ഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലമെന്റിനെ റബര്‍ സ്റ്റാംപ് ആക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.” -തരൂര്‍ ട്വീറ്റില്‍ പറഞ്ഞു.
മഹാമാരിയെ ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള മറവാക്കി മാറ്റുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രയിന്‍ കുറ്റപ്പെടുത്തി. 1950ന് ശേഷം ആദ്യമായി ഒരു റെഗുലര്‍ സമ്മേളനത്തില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷത്തിനുള്ള അവകാശം എടുത്തുകളഞ്ഞിരിക്കുകയാണെന്ന് ഒബ്രയിന്‍ പറഞ്ഞു.
മുന്‍പ് 1961ഉം 1975ലും 1976ലും 1977ലും സമ്മേളനത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കിയിരുന്നു. എന്നാല്‍ അവ പ്രത്യേക ലക്ഷ്യത്തോടെ ചേര്‍ന്ന സമ്മേളനങ്ങളായിരുന്നു. ഇപ്പോള്‍ ചേരാനിരിക്കുന്നത് പാര്‍ലമെന്റിന്റെ പതിവു സമ്മേളനമാണെന്ന് ഒബ്രയിന്‍ പറഞ്ഞു.
ചോദ്യോത്തര വേള ഒഴിവാക്കിയത് നിരാശാജനകമാണെന്ന് ആര്‍ഡെജി എംപി മനോജ് ഝാ പറഞ്ഞു. കൊറോണ വ്യാപനവും സാമ്പത്തിക സ്ഥിതിയും ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ പാര്‍ലമെന്റില്‍ മറുപടി പറയേണ്ട സാഹചര്യമാണ്. ഈ ഘട്ടത്തിലാണ് ജനാധിപത്യത്തെ കുരുതി കൊടുക്കുന്ന ഈ തീരുമാനമെന്ന് ഝാ അഭിപ്രായപ്പെട്ടു. ശൂന്യവേള അര മണിക്കൂറായി ചുരുക്കിയതെന്നും ഝാ വിമര്‍ശിച്ചു.
ചോദ്യോത്തര വേള പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐ അംഗം ബിനോയ് വിശ്വം രാജ്യസഭാ ഉപാധ്യക്ഷന്‍ എം വെങ്കയ്യ നായിഡുവിന് കത്ത് എഴുതി. സമ്മേളന സമയത്തില്‍ മാറ്റമില്ലെന്നിരിക്കെ ചോദ്യോത്തര വേള ഒഴിവാക്കിയതിന് ന്യായീകരണമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.