കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തിരിച്ചടി നേരിട്ടെങ്കിലും കോടതിയില്‍ നിയമ പോരാട്ടം തുടരാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം.ജോസഫിനൊപ്പം പോയവരെ തിരികെ പിടിക്കാൻ ജോസ് വിഭാഗവും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായിരുന്ന അശോക് ലവാസയുടെ ഉത്തരവ് മുന്‍ നിര്‍ത്തിയാകും ജോസഫ് കോടതിയെ സമീപിക്കുക. ചിഹ്നം മരവിപ്പിക്കണമെന്നാകും ജോസഫിന്റെ പ്രധാന ആവശ്യം. നാളെ ഡല്‍ഹി ഹൈക്കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കും.
കേരള കോണ്‍ഗ്രസായി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലാവാസ സ്വീകരിച്ചത്.
എന്നാല്‍ പാര്‍ട്ടിയില്‍ ജോസ് കെ മാണിക്കാണ് പിന്തുണയെന്ന അഭിപ്രായമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും അംഗം സുശീല്‍ ചന്ദ്രയും പങ്കുവച്ചിരിക്കുന്നത്. 305 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിലപാട്.
അതേസമയം സത്യവാങ്മൂലത്തിന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും ഇരു വിഭാഗങ്ങളെയും കേരള കോണ്‍ഗ്രസായി പരിഗണിക്കാനാകില്ലെന്നും ലാവാസ വ്യക്തമാക്കി. കൂടാതെ, പല പേരുകളും ആവര്‍ത്തിക്കുകയോ മുഴുവന്‍ പേരും വെളിപ്പെടുത്താതിരിക്കുകയോ ചെയ്തിട്ടുണ്ടെന്നും ലാവാസ തന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതാകും പിജെ ജോസഫിന്റെ പ്രധാനവാദം. ഒപ്പം കട്ടപ്പന മജിസ്ട്രേറ്റ് കോടതി അടക്കമുള്ള കോടതികളില്‍ മുമ്പ് അനുകൂല വിധിയുണ്ടായതും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടും.
പാര്‍ട്ടി പിളര്‍ന്നെന്ന മുന്‍ വിധിയോടെയാണ് കമ്മീഷന്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പിളര്‍ന്നെങ്കില്‍ എന്ത് കൊണ്ട് റോഷിയും ജയരാജും കേസ് കൊടുത്തതിന് ശേഷം പാര്‍ലമന്ററി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കഴിയുകയില്ലെന്ന കത്ത് പി.ജെ ജോസഫിനയച്ചു? എന്ത് കൊണ്ട് റോഷി പി ജെ ജോസഫിനും, സി എഫ് തോമസിനും, മോന്‍സ് ജോസഫിനും വിപ്പയച്ചു? തുടങ്ങിയ ചോദ്യങ്ങളും കോടതിയില്‍ ഉന്നയിക്കാനാണ് മുതിര്‍ന്ന അഭിഭാഷകരുമായി ഈ വിഷയം ജോസഫ് സംസാരിച്ചു കഴിഞ്ഞു.
അതിനിടെ പാര്‍ട്ടി വിട്ട നേതാക്കളെയും പ്രവര്‍ത്തകരെയും തിരികെയെത്തിക്കാനുള്ള നീക്കം ജോസ് കെ മാണി ആരംഭിച്ചു കഴിഞ്ഞു. ബൂത്ത്, പഞ്ചായത്ത് തലത്തില്‍ ജോസഫിനൊപ്പം ചേക്കേറിയവരെ പുറത്തു ചാടിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ശ്രമം. രണ്ടിലയില്‍ മത്സരിച്ച് ജയിച്ച് പി ജെ ജോസഫിനൊപ്പം പോയ പഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കം തിരികെ മടങ്ങണമെന്ന് ജോസ് കെ മാണി പറയുന്നു.
നിയമ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ പലരും മറിച്ചു ചിന്തിക്കാനും സാധ്യതയുണ്ടെന്നും ജോസ് കെ മാണിയോടൊപ്പമുള്ളവര്‍ വിലയിരുത്തുന്നു.