രോഗ ലക്ഷണങ്ങളില്ലാത്തവരില്‍ ഇനി കൊറോണ പരിശോധന വേണ്ടെന്ന് നിർദ്ദേശം

തിരുവനന്തപുരം: രോഗ ലക്ഷണങ്ങളില്ലാത്തവരില്‍ കൊറോണ പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ. ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിവേണം നിര്‍ദേശം നടപ്പിലാക്കേണ്ടതെന്നും സിഡിസി പറയുന്നു. എന്നാല്‍ ഈ നിര്‍ദേശം കേരളം അംഗീകരിക്കുമോ എന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല.

ലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിക്കുക. രോഗത്തിന്‍റെ തീവ്രത അനുസരിച്ച് ചികിത്സ തീരുമാനിക്കുക. ഇനിയുള്ള ഘട്ടത്തില്‍ ലക്ഷണങ്ങളില്ലാത്തവരെ പരിശോധിക്കേണ്ട കാര്യമില്ല. എന്നാല്‍, അടുത്തിടപെഴകാതിരിക്കുക, രോഗം പിടിപെടാൻ സാധ്യതയുള്ള വിഭാഗങ്ങളുമായുള്ള സമ്പര്‍ക്കം, ആൾക്കൂട്ടങ്ങൾ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. മാസ്കും സാനിട്ടൈസറും നിര്‍ബന്ധമാണ്. ഇതാണ് സെന്‍റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ പറയുന്നത്. എന്നാലിത് കേരളത്തില്‍ നടപ്പാക്കുമ്പോൾ തിരിച്ചടി നേരിടുമോ എന്നാണ് പേടി.

സമൂഹ വ്യാപന സാധ്യത അടക്കം കണ്ടെത്താൻ കൂടുതലിടങ്ങളില്‍ ആന്‍റിജൻ പരിശോധന നടത്തുകയാണ് കേരളത്തില്‍. കണ്ടെത്തുന്ന രോഗകളില്‍ 80 ശതമാനം പേര്‍ക്കും രോഗ ലക്ഷണങ്ങളുമില്ല. ഇവരെയൊക്കെ കണ്ടെത്താതിരുന്നാല്‍ വ്യക്തിപരമായുണ്ടാകുന്ന അശ്രദ്ധ കൊണ്ട് രോഗ വ്യാപനമുണ്ടാകുമോ എന്നാണ് ആശങ്ക. ‌രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി മരണ നിരക്ക് കുറയ്ക്കാനുള്ള നടപടികളാണ് ഇനി വേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.