ചെങ്ങന്നൂർ: സുമനസുകളുടെ സഹായത്തോടെ ലിബിന് വെള്ളം കയറാത്ത വീട് – തിരുവോണ നാളിൽ നന്മ നിറഞ്ഞ ഈ സംരഭത്തിന് തുടക്കം കുറിക്കുകയാണ്.
രണ്ടു വർഷം മുമ്പുണ്ടായ മഹാപ്രളയം ഏറ്റവും കുടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ ആലാ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ചിറമേൽ ബാബുവിൻ്റെ കുടുംബം താമസിക്കുന്നത്.
മാനത്ത് കാറും,കോളും കാണുമ്പോൾ ബാബുവിൻ്റെ മനസ്സ് പിടയ്ക്കും – കുടുംബാംഗങ്ങൾക്കും. ആലാ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചിറമേൽ ലിബിഭവനിൽ സി ജി ബാബുവിനും കുടുംബത്തിനുമാണ് ഈ അവസ്ഥ. രണ്ടു വർഷം മുമ്പ് ഓഗസ്റ്റിലുണ്ടായ മഹാപ്രളയം ഇന്നും ഇവർക്കൊരു പേടി സ്വപ്നമാണ്. ഇന്നും ആ വലിയ ഞ്ഞെട്ടലിൽ നിന്നും ഇവർ കരകയറിയിട്ടില്ല.
ഓട്ടോ ഡ്രൈവറായ ബാബുവിന്റെ ഇളയ മകൻ 30 കാരനായ ലിബിമോൻ ജന്മനാവികലാംഗനാണ്. പരസഹായമില്ലാതെ എഴുനേൽക്കാൻ പോലും സാധിക്കില്ല. പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനും സഹായം വേണം.ബാബുവോ, ഭാര്യ ആലീസോ ആരെങ്കിലുമൊരാൾ എപ്പോഴും കൂടെ വേണം.
മഹാപ്രളയത്തിൽ ഏറ്റവും കുടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നാണ് ആലാ പഞ്ചായത്തിലെ ഒന്നാം വാർഡ്. ഈ പ്രദേശത്തെ എല്ലാ വീടുകളിലും വെള്ളം കയറിയിരുന്നു.ബാബുവും കുടുംബവും താമസിക്കുന്നത് ഏറെ താഴ്ന്ന പ്രദേശത്താണ്. പ്രസിദ്ധമായ ചാലുംപാടം പാടശേഖരത്തിന്റെ മധ്യത്തിലാണ് ഇവരുടെ താമസം. ഒരു മഴ പെയ്താൽ പെട്ടന്ന് വീട്ടിൽ വെള്ളം കയറും.കഴിഞ്ഞ പ്രളയത്തിൽ വലിയചെമ്പിൽ കയറ്റിയാണ് രക്ഷാപ്രവർത്തകർ ലിബി മോനെ ദുരിതാശ്വാസ കേന്ദ്രത്തിലെത്തിച്ച് ജീവൻ രക്ഷപെടുത്തിയത്. പ്രളയം ഇവരുടെ വീടും തകർത്ത് തരിപ്പണമാക്കി.
അത്തരമൊരു അവസ്ഥ ഇനിയുണ്ടായാൽ ഇവിടെ കിടന്നു മരിച്ചു പോകുമെന്നും ബാബു പറയുന്നു. ബാബുവിന്റെ വീട്ടിലേക്ക് വരുവാൻ ഒരു റോഡില്ല.ലിബി മോൻ്റെ ചികിത്സയ്ക്കായും ധാരാളം പണം ഈ കുടുംബം ചെലവാക്കി.തുടർ ചികിത്സയ്ക്കും ഗത്യന്തരമില്ല. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ സൗജന്യ പരിചരണം മാസത്തിൽ ഒരിക്കൽ കിട്ടുന്നത് ആശ്വാസകരമാണ്. പ്രായമായ അമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് ഈ കുടുംബം. കൊറോണ ഭീതിയിലായതിനാൽ ഓട്ടോ ഡ്രൈവറായ ബാബുവിൻ്റെ വരുമാനവും നിലച്ചു. മകളെ വിവാഹം ചെയ്തു അയച്ചു. മൂത്ത മകൻ തൊഴിൽ രഹിതനാണ്.
കുടുംബത്തിൻ്റെ ദുരിതം മനസിലാക്കിയവർ അങ്ങനെ കൈകോർത്തു. വെള്ളം പൊങ്ങിയാൽ ലിബിന് ബുദ്ധിമുട്ട് ഉണ്ടാകാത്ത നിലയിൽ ഒരു സുരക്ഷിത സംവിധാനം ഒരുക്കുവാനാണ് ജനകീയ സമിതിയും സൗഹൃദവേദിയും രംഗത്ത് വന്നിരിക്കുന്നത്. ലിബിൻ്റെ ദുരവസ്ഥ അറിഞ്ഞ സൗഹൃദ വേദി ചെയർമാൻ ജോൺസൺ വി ഇടിക്കുള മുൻകൈയെടുത്താണ് ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കരുണയുള്ള മനസുകളുടെ സഹായത്താൽ പ്രളയത്തെ അതിജീവിക്കാൻ നിലവിലുള്ള വീടിന് മുകളിൽ ശുചി മുറിയോട് കൂടിയ ഒരു മുറി നിർമ്മിക്കുകയാണ് ആദ്യ ലക്ഷ്യം.
ചാലുംപാടം പാടശേഖരത്തിന്റെ നടുവിലായി താമസിക്കുന്ന ലിബിൻ്റെ വീട്ടിൽ എത്താൻ വഴിയില്ലാത്തതും ജീവിതം ദുസഹമാക്കുന്നു. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ട സജി ചെറിയാൻ എംഎൽഎ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ പാണ്ടിപ്പുറത്ത് പടി – വാഴത്തറ പടി റോഡിന് വേണ്ടി അനുവദിച്ചു. വെള്ളം കയറാത്ത വീടും വഴിയും യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ബാബുവിൻ്റെ കുടുംബം.
തിരുവോണ ദിനമായ തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് നിർമ്മാണ പ്രവർത്തനങ്ങൾ ജനകീയ സമിതി ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിക്കും.
സഞ്ചാരയോഗ്യമായ റോഡ്, വാസയോഗ്യമായ ഭവനം, ലിബി മോൻ്റെ തുടർ ചികിത്സയ്ക്കായുള്ള പണം എന്നിവയാണ് ഈ കുടുംബത്തിൻ്റെ ആകുലതകൾ.ലിബി മോൻ്റെ മാതാവ് ആലീസ് ബാബുവിൻ്റെ പേരിൽ ഫെഡറൽ ബാങ്ക് ആലാ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 115901OOO73177 .IFSC code. FDRL0001159.