മോദിയുടെ ജീവിതകഥയുടെ നിർമാതാവ് സന്ദീപ് സിംഗിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

മുംബൈ: ചലച്ചിത്ര നിർമാതാവ് സന്ദീപ് സിംഗിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ നിർമാതാവാണ് സന്ദീപ് സിംഗ്. മയക്കുമരുന്ന് ഇടപാടുകാരുമായി സന്ദീപ് സിംഗിനുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു..

സന്ദീപ് സിംഗിന് ബിജെപിയുമായി എന്ത് ബന്ധമാണുള്ളത് എന്നും ബോളിവുഡുമായും മയക്കുമരുന്നു ലോബിയുമായി എങ്ങനെയുള്ള ബന്ധമാണ് തുടങ്ങിയ കാര്യങ്ങൾ സിബിഐ അന്വേഷിക്കും എന്നും മന്ത്രി അറിയിച്ചു.
അതേസമയം സുശാന്തിന്റെ മരണത്തിൽ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്ന് മഹാരാഷ്ട്രയിലെ എൻസിപി-ശിവസേന-കോൺഗ്രസ് സഖ്യം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സുശാന്ത് സിംഗിൻ്റെ മരണം സംബന്ധിച്ച അന്വേഷണം മഹാരാഷ്ട്ര സർക്കാർ മനഃപൂർവ്വം വൈകിപ്പിച്ചുവെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് സിംഗിനെതിരായ നീക്കം മഹാരാഷ്ട്ര സർക്കാർ ശക്തമാക്കിയത്. മുംബൈ പോലീസിന്റെ അന്വേഷണത്തിൽ ഇടപെടുന്ന ‘മറഞ്ഞിരിക്കുന്ന കൈകൾ’ സിബിഐ അന്വേഷണത്തിൽ തുറന്നുകാട്ടപ്പെടുമെന്ന് ബിജെപി പറഞ്ഞിരുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ സന്ദീപ് സിംഗിനെതിരെ സിബിഐ അന്വേഷിക്കാൻ പോകുകയാണെന്ന് കോൺഗ്രസ് വക്താവ് സച്ചിൻ സാവന്തും പറഞ്ഞു.
അതേസമയം, ഈ കേസിലെ പ്രധാന പ്രതിയായ റിയ ചക്രവർത്തിയെ ഇന്ന് മൂന്നാം തവണയും ചോദ്യം ചെയ്യാൻ വിളിച്ചതായി റിപ്പോർട്ട്.