കൊക്കക്കോള കമ്പനി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു ; നാലായിരം പേർക്ക് ബയ്ഔട്ട് ഓഫർ നൽകും

ന്യൂയോർക്ക്: കൊറോണ വ്യാപനം വിൽപനയെ സാരമായി ബാധിച്ചതോടെ കൊക്കക്കോള. കമ്പനി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങുന്നു. ബിസിനസ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കാനും കമ്പനി തീരുമാനിച്ചു. അമേരിക്ക, കാനഡ, പോർട്ടോ റിക്കോ എന്നിവിടങ്ങളിലെ നാലായിരം പേർക്ക് ബയ്ഔട്ട് ഓഫർ നൽകും. ഇതിന് പിന്നാലെ മറ്റു രാജ്യങ്ങളിലും ഇൗ നടപടി ഉണ്ടാകും.

ആകെ 86200 ജീവനക്കാരാണ് 2019 ഡിസംബർ 31 ലെ കണക്ക് പ്രകാരം കമ്പനിയിൽ ജോലി ചെയ്തത്. ഇതിൽ 10100 .പേരും ജോലി ചെയ്തത് അമേരിക്കയിലാണ്. ലോകമാകെ നിലവിൽ 17 ഓപ്പറേറ്റിങ് യൂണിറ്റുകളാണ് കമ്പനിക്ക് ഉള്ളത്. ഇത് ഒൻപതാക്കി കുറയ്ക്കാനും തീരുമാനമുണ്ട്.
പ്രധാന കൊക്കക്കോള ലൈനും സ്‌പോർട്‌സ് ഡ്രിങ്കുകൾ, കോഫികൾ, ചായകൾ എന്നിവ ഉൾപ്പെടുന്ന ഏറ്റവും ജനപ്രിയമായ സെഗ്‌മെന്റുകളിലാണ് കോക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സാമ്പത്തിക പാദത്തിൽ കൊക്കക്കോള വിൽപ്പനയിൽ 28 ശതമാനം ഇടിവാണ് ഉണ്ടായത്. 7.2 ബില്യൺ ഡോളറിന്റെ വിൽപ്പനയാണ് ഈ സമയത്ത് നടന്നത്.