ന്യൂഡെൽഹി: പ്രശാന്ത് ഭൂഷണ് എതിരെയുള്ള കോടതിയലക്ഷ്യ കേസ് നാളെ പരിഗണിക്കും. കേസിൽ നാളെ കോടതി വിധി പ്രസ്താവിക്കും എന്നാണ് കരുതുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. സെപ്റ്റംബർ രണ്ടിന് ജസ്റ്റിസ് അരുൺ മിശ്രയുടെ കാലവധി അവസാനിക്കുന്ന സാഹചര്യത്തിൽ ആണ് നാളെ തന്നെ ഇദ്ദേഹത്തിന്റെ കേസ് പരിഗണിക്കുന്നത്.
ജസ്റ്റിസുമാരായ ബി.ആര്‍ ഗാവൈ, കൃഷ്ണ മുരാരി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കഴിഞ്ഞ തവണ വാദം കേൾക്കുമ്പോഴും മാപ്പ് പറയാനായി കോടതി പ്രശാന്ത് ഭൂഷണ് മുപ്പതു മിനിറ്റ് സമയം അനുവദിച്ചിരുന്നു. എന്നാൽ മാപ്പ് പറയാൻ തയ്യാറല്ല എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ നിലപാട്.
മാപ്പ് പറയുന്നതിന് മൂന്ന് ദിവസത്തെ സമയം നേരത്തെ പ്രശാന്ത് ഭൂഷണ് കോടതി നൽകിയിരുന്നെങ്കിലും ട്വീറ്റ് പിൻവലിക്കാനോ മാപ്പ് പറയാനോ അദ്ദേഹം തയ്യാറായില്ല. ആരുടേയെങ്കിലും നിർബന്ധത്തിന് വഴങ്ങിയുള്ള ക്ഷാമപണം ആത്മർത്ഥത ഇല്ലാത്തതാകുമെന്നും ട്വീറ്റിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിക്കുകയുണ്ടായി. ഇപ്പോൾ പിൻവാങ്ങുന്നത് തന്റെ മനഃസാക്ഷിയേയും കോടതിയേയും അവഹേളിക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്നാണ് ഇദ്ദേഹത്തിന്റെ ശിക്ഷ നടപ്പിലാക്കാൻ കോടതി തീരുമാനിച്ചത്.
പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് വിട്ടയക്കണമെന്നുമാണ് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ ആവശ്യപ്പെട്ടത്. കുറഞ്ഞത് ആറ് മാസത്തെ ശിക്ഷയായിരിക്കും കോടതിയലക്ഷ്യ കേസിൽ ഭൂഷന് നൽകുക. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്കെതിരെ നടത്തിയ ട്വിറ്റർ പരാമർശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ കേസ്.