ന്യൂഡെല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കിയ വിധിക്കെതിരെ, പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലെ ആറു മന്ത്രിമാര്‍ സുപ്രീം കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കി. വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന ആരോഗ്യ ഭീഷണി കണക്കിലെടുക്കാതെയാണ്, പരീക്ഷ നടത്താന്‍ അനുവദിച്ച വിധിയെന്ന് ഹര്‍ജിയില്‍ പറയുന്നു.
പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്. കൊറോണ മൂലം വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടമാവുന്നത് അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രവേശന പരീക്ഷകള്‍ നടത്താന്‍ ഓഗസ്റ്റ് 17ലെ വിധിയില്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.
കൊറോണ വ്യാപനത്തിനിടയിലും ജീവിതം മുന്നോട്ടു പോവേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സായന്തന്‍ ബിശ്വാസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.