ന്യൂഡെൽഹി: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം തുടരുന്നതിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ഥാപന ഉടമ റോയ് ഡാനിയേലിന്റെ രണ്ട് മക്കൾ പിടിയിൽ. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് ഡെൽഹി എയർപോര്ട്ടിൽ പിടിയിലായത്. ഇരുവരും ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു ശ്രമിച്ചത്.
ഇവർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. എയർ പോർട്ട് അധികൃതർ തടഞ്ഞ വെച്ച് ഇരുവരേയും പൊലീസിന് കൈമാറി. ഇവരെ ഇനി അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് വിവരം.
അതിനിടെ വകയാറിലെ കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പത്തനംതിട്ട സബ് കോടതി നോട്ടീസ് പതിപ്പിച്ചു. പോപ്പുലർ ഫിനാൻസിലെ ഒരു നിക്ഷേപകന്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 46 ലക്ഷം രൂപ കിട്ടാനുള്ളയാളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പൊലീസ് പരിശോധന നടത്തി. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേലിന് പുറമെ ഡയറക്ടർ ബോർഡ് അംഗങ്ങളും കേസിൽ പ്രതികളാകും എന്നാണ് സൂചന. റോയിയുടേയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്.
ആയിരക്കണക്കിന് ആളുകൾ കോടിക്കണക്കിന് രൂപയാണ് പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചിട്ടുള്ളത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ 274 ശാഖകളിലായി 2000 കേടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിന്റെ ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം തുടങ്ങി. നിലവിൽ ഇരുവരും ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടില്ലെന്നാണ് പൊലീസിന് കിട്ടിയ വിവരം.