ബംഗലൂരു: കാറിലും ബൈക്കിലും ഒറ്റയ്ക്ക് യാത്രചെയ്യുന്നവർക്ക് മുഖാവരണം നിർബന്ധമല്ലെന്ന് ബംഗളൂരു കോർപറേഷൻ. എന്നാൽ, കാറിൽ ഡ്രൈവറെക്കൂടാതെ മറ്റു യാത്രക്കാർ ഉണ്ടെങ്കിൽ മുഖാവരണം നിർബന്ധമായും ധരിക്കണം. മുഖാവരണം ധരിക്കാത്തവർക്ക് എതിരെ കോർപറേഷൻ മാർഷൽമാർ പിഴചുമത്തുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കോർപറേഷന്റെ പുതിയ നിർദേശം. എന്നാൽ, പൊതുനിരത്തിൽ മുഖാവരണം ധരിക്കാത്തവർക്കെതിരെ നൂറുരൂപമുതലാണ് പിഴ ഈടാക്കുന്നത്.
നഗരത്തിൽ 83,673 പേരിൽ നിന്നായി 1.6 കോടിരൂപയാണ് പിഴയായി ഈടാക്കിയത്. അതേസമയം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് വ്യായാമത്തിന് പോകുന്നവർ മുഖാവരണം ധരിക്കേണ്ടതില്ല. മാത്രമല്ല, ഹെൽമെറ്റ് ധരിച്ച് ബൈക്കിൽ പോകുന്നവരും മുഖാവരണം ധരിക്കേണ്ടതില്ല.