ന്യൂഡെൽഹി: ഫേസ്ബുക്ക് പരസ്യങ്ങൾക്കായി കഴിഞ്ഞ 18 മാസങ്ങൾക്കിടെ ഏറ്റവുമധികം തുക മുടക്കിയത് ഭരണകക്ഷിയായ ബിജെപി. രണ്ടാം സ്ഥാനത്തുള്ള പ്രതിപക്ഷ പാർട്ടി കോൺഗ്രസ് മുടക്കിയത് 1.84 കോടി രൂപ മാത്രമാണ്. 2019 ഫെബ്രുവരി മുതൽ 2020 ഓഗസ്റ്റ് 24 വരെയുള്ള കണക്കാണിത്.‘സാമൂഹ്യ പ്രശ്നങ്ങൾ, തെരഞ്ഞെടുപ്പുകൾ, രാഷ്ട്രീയം’ എന്നീ വിഷയങ്ങളിലായി 4.61 കോടി രൂപയാണ് ബിജെപി മുടക്കിയത്.
കാശ് ചെലവഴിച്ച ആദ്യ പത്ത് പരസ്യദാതാക്കളിൽ നാലും ബിജെപിയുമായി ബന്ധമുള്ളതാണ്. രണ്ട് കമ്മ്യൂണിറ്റി പേജുകൾ ഉൾപ്പെടെയാണ് ഇത്. ഡൽഹിയിലെ ബിജെപിയുടെ ഹെഡ്ക്വാർട്ടേഴ്‌സിന്റെ അഡ്രസ്സാണ് ഇവരിൽ മൂന്നു പേർ നൽകിയിരിക്കുന്നത്. ‘ഭാരത് കെ മാൻ കി ബാത്ത്’ എന്ന ഫേസ്ബുക്ക് പേജ് ചലവഴിച്ചിരിക്കുന്നത് (2.24 കോടി രൂപയാണ്.
‘മൈ ഫസ്റ്റ് വോട്ട് ഫോർ മോദി’ (1.39 കോടി രൂപ), വാർത്താ മാധ്യമ വെബ്സൈറ്റ് എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്ന ‘നേഷൻ വിത്ത് നമോ’ (1.28 കോടി രൂപ), ബിജെപി നേതാവും മുൻ എംപിയുമായ ആർ കെ സിൻഹയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക് പേജ് (65 ലക്ഷം രൂപ) എന്നിങ്ങനെയാണ് മറ്റ് മൂന്നു പേജുകൾ പരസ്യത്തിനായി ചെലവഴിച്ചിരിക്കുന്ന തുക.
ആകെ 10.17 കോടി രൂപയാണ് ബിജെപിക്കുള്ള ഫേസ്ബുക്ക് പരസ്യത്തിനായി ഈ പേജുകൾ ചെലവഴിച്ചിരിക്കുന്നത്. ഇത് ആദ്യ 10 പേജുകൾ ആകെ ചെലവഴിച്ച തുകയായ 1.81 കോടിയുടെ 64 ശതമാനം വരും. 2019 ഏപ്രിൽ-മെയ് മാസങ്ങളിൽ നടന്ന പൊതു തെരഞ്ഞെടുപ്പും ഈ കാലയളവിൽ പെടും.
2019 ജനുവരിയിലാണ് ‘മൈ ഫസ്റ്റ് വോട്ട് ഫോർ മോദി’, ‘ഭാരത് കെ മാൻ കി ബാത്ത്’ എന്നീ പേജുകൾ ക്രിയേറ്റ് ചെയ്യപ്പെട്ടത്. രണ്ട് മാസങ്ങൾക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. ഇന്ത്യയിൽ ബിജെപി അനുകൂല നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത് വിവാദമായിരുന്നു.