ആലപ്പുഴ: എന്തുകൊറോണ ?. കമ്മീഷൻ കാലത്ത് ഇറക്കുകൂലി കമ്മീഷൻ ആവശ്യപ്പെട്ട് സിഐടിയു മാത്യക. ചേർത്തല തുറവൂർ താലൂക്ക് ആശൂപത്രിയിൽ ട്രൂനാറ്റ് പരിശോധനാ യന്ത്രം ഇറക്കാനാണ് സിഐടിയു പ്രവർത്തകർ വൻ തുക ആവശ്യപ്പെട്ടത്. ട്രൂനാറ്റ് പരിശോധനാ ലാബ് സജ്ജമാക്കാൻ കൊണ്ടുവന്ന മെഷീൻ ഇറക്കാനാണ് സിഐടിയു അമിത കൂലി ആവശ്യപ്പെട്ടത്.
ട്രൂനാറ്റ് മെഷീൻ ഇറക്കാൻ യൂണിയൻകാർ ചോദിച്ച കൂലി 16,000 രൂപയായിരുന്നു. ആശുപത്രി അധികൃതർ 9,000 വരെ വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികൾ വഴങ്ങാതായപ്പോൾ 225 കിലോഗ്രാം ഭാരമുള്ള മെഷീൻ മെഡിക്കൽ ഓഫിസർ ഡോ. റൂബിയും ജീവനക്കാരും ചേർന്ന് ഇറക്കി. ആശുപത്രിയുടെ ഒന്നാം നിലയിൽ മെഷീൻ സ്ഥാപിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടാണു മെഷീൻ എത്തിയത്.
വ്യാഴാഴ്ച രാവിലെ മെഷീൻ ഇറക്കാൻ യൂണിയനെ അധികൃതർ സമീപിച്ചപ്പോഴാണ് അമിത കൂലി ആവശ്യപ്പെട്ടത്. അതേസമയം, മെഷീൻ ഒന്നാം നിലയിലെത്തിക്കാനുള്ള ക്രെയിൻ വാടക ഉൾപ്പെടെയുള്ള തുകയാണ് ആവശ്യപ്പെട്ടതെന്നു യൂണിയൻ വ്യക്തമാക്കി. എന്നാൽ ആശുപത്രി ജീവനക്കാർ ക്രെയിനില്ലാതെ തന്നെ മെഷീൻ ഒന്നാം നിലയിലെത്തിച്ചു.