നീറ്റ്, ജെഇഇ പരീക്ഷകൾ ഓൺലൈനായി നടത്താമെന്ന നിർദേശവുമായി അമരീന്ദർ സിംഗ് ; മാറ്റിവയ്ക്കണമെന്ന്‌ നവീന്‍ പട്‌നായിക്ക്

ചണ്ഡീഗഡ്: ഇൗ വർഷത്തെ നീറ്റ്, ജെഇഇ പരീക്ഷകൾ ഓൺലൈനായി നടത്താമെന്ന നിർദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കൊറോണ വ്യാപനം ശക്തമായി തന്നെ നിലനിൽക്കുന്ന സാഹചര്യത്തിൽ നീറ്റ്,ജെഇഇ പരീക്ഷകൾ നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ നിർദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി മുന്നോട്ട് വന്നത്.

ഇരു പരീക്ഷകളും ഓൺലൈൻ ആയി നടത്താമെന്നും കേന്ദ്ര സർക്കാർ ഇതിനെ അംഗീകരിക്കും എന്നാണ് താൻ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുൻപും ഇത്തരത്തിൽ പരീക്ഷകൾ നടന്നിട്ടുണ്ട്. ലോകം മുഴുവൻ ഇങ്ങനെ പരീക്ഷകൾ നടത്തുമ്പോൾ ഇവിടെ മാത്രം എന്തുകൊണ്ടാണ് തടസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന്‌ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്ത് പരീക്ഷ നടത്താന്‍ അനുയോജ്യമായ സാഹചര്യമില്ലെന്ന് പട്‌നായിക് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
നീറ്റ് ഒഴിവാക്കണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറും ആവശ്യപ്പെട്ടു.

പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ മെഡിക്കല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് കേരളം ഇത് വരെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

ജെഇഇ-മെയിൻസ് പരീക്ഷ സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയും നീറ്റ് പരീക്ഷ സെപ്റ്റംബർ 13 നും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അക്കാദമിക് വർഷത്തെ ബാധിക്കുന്നതിനാൽ പരീക്ഷ മാറ്റാനാകില്ലെന്നാണ് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വാദം.