മഹാദിയിൽ കെട്ടിടം തകർന്ന സംഭവത്തിൽ മരിച്ചവർ 15 ആയി

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ മഹാദിയിൽ കെട്ടിടം തകർന്ന സംഭവത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. സംഭവം നടന്ന് 36 മണിക്കൂറിലേറെയായി ഇപ്പോഴും ദുരിതാശ്വാസ, രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ രണ്ട് പേരെ ജീവനോടെ പുറത്തെടുത്തിരുന്നു. ഒരാൾ ഇപ്പോഴും അവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഫ്ളാറ്റിൽ നിന്നും രക്ഷപ്പെട്ടവരെ മഹാദിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) മൂന്ന് ടീമുകൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. പ്രാദേശിക അധികാരികളും എൻ‌ഡി‌ആർ‌എഫ് ടീമുകളും പ്രദേശത്ത് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൊല്ലപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ അഞ്ചു പേർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.