എറണാകുളം: ഖത്തറിൽ കുടുങ്ങിയ കരാറുകാരനെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിലെ പ്രതികളായ ഇമാം അടക്കമുള്ളവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കാഞ്ഞിരമറ്റം പള്ളി ഇമാം മുഹമ്മദ് അസ്ലമിനേയും സഹായി മുഹമ്മദ് ബിജ്ലിയെയും തട്ടിപ്പിന് ഇരയായ വ്യക്തിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്
കഴിഞ്ഞ ദിവസമാണ് മുഹമ്മദ് അസ്ലമിനേയും ബിജിലിയേയും എറണാകുളം റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഖത്തറിൽ കുടുങ്ങിയ മൂവാറ്റുപുഴ സ്വദേശി അലിക്കുഞ്ഞിനെ തിരികെയെത്തിക്കാം എന്ന് വാഗ്ദാനം നൽകി രണ്ടേകാൽക്കോടി രൂപാ തട്ടിയ കേസിലായുരുന്നു നടപടി. ഖത്തറിലുള്ള അലിക്കുഞിന്റെ പെരുമ്പാവൂരിലെ വസതിയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.
പരാതിക്കാരിയായ അലിക്കുഞ്ഞിന്റെ ഭാര്യ അനീഷയും ബന്ധുക്കളും പ്രതികളെ എത്തിച്ച സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവരുടെ സാനിധ്യത്തിലാണ് അന്വേഷണ സംഘം പ്രതികളിൽ നിന്നും തട്ടിപ്പു വിവരങ്ങൾ ചോദിച്ചറിഞത്. 2018 ലാണ് ചെക്ക് കേസിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ അലിക്കുഞ്ഞിനെ തിരികെയെത്തിക്കാം എന്ന വാഗ്ദാനവുമായി അസ്ലമും ബിജിലിയും കുടുംബത്തെ സമീപിക്കുന്നത്.
ഇതിനായി അലിക്കുഞ്ഞിന്റെ ഭാര്യ അനീഷയിൽ നിന്നും രണ്ടേകാൽ കോടി രൂപ കൈപറ്റുകയും ചെയ്തു.
രണ്ടു വർഷമായിട്ടും അലിക്കുഞിനെ നാട്ടിലെത്തിക്കാനാവത്തതോടെ അനീഷ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തട്ടിപ്പിൽ കൂടുതല്‍ പേർ പങ്കാളികളാണോ എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സമാനമായ തട്ടിപ്പുകൾ പ്രതികൾ വേറേയും നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.