ന്യൂഡെൽഹി: കാലാവധി അവസാനിക്കുന്ന മോട്ടോർ വാഹന രേഖകളുടെയും ലൈസൻസിന്റെയും സാധുത ഈ വർഷം ഡിസംബർ വരെ നീട്ടി. കൊറോണ മഹാമാരി കണക്കിലെടുത്താണ് ഡ്രൈവംഗ് ലൈസൻസ് ഉൾപ്പെടെയുള്ള കാലാവധി കഴിയുന്ന മോട്ടോർ വാഹന രേഖകളുടെ സാധുത നീട്ടിയത്. നേരത്തെ, കാലാവധി കഴിയുന്ന മോട്ടോർ വാഹനരേഖകളുടെയും ലൈസൻസിന്റെയും കാലാവധി ഈ വർഷം സെപ്തംബർ 30 വരെ നീട്ടിയിരുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ സാധുത ജൂൺ 30 വരെ നീട്ടുമെന്ന് മാർച്ച് 30ന് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
മോട്ടോർ വാഹന രേഖകളുടെ പരിധിയിൽ വരുന്ന ഡ്രൈവിംഗ് ലൈസൻസുകൾ, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ്, പെർമിറ്റുകൾ എന്നിവയുൾപ്പെടെയുള്ള രേഖകളുടെ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത – ദേശീയ പാത മന്ത്രാലയം മാർച്ചിൽ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ ആളുകൾ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു.