ഹോസ്റ്റലില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി: കട്ടപ്പനയില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി. അവിവാഹിതയായ യുവതി രണ്ടു ദിവസം മുന്‍പാണ് ഹോസ്റ്റലില്‍ പ്രസവിച്ചത്. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പരിക്കുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ അറസ്റ്റ് രേഖപ്പെടുത്തും.

ശിശു മരിച്ച സംഭവത്തില്‍ പൊലീസ് നേരത്തേ അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. ബാങ്ക് ജീവനക്കാരിയായ യുവതി താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഒപ്പം താമസിച്ചിരുന്ന സഹോദരിയോട് പോലും മറച്ചു വെക്കുകയായിരുന്നു.

മൂലമറ്റം സ്വദേശിയായ യുവതിയാണ് ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചത്. നഗരത്തിലെ സ്വകാര്യ ഹോസ്റ്റലില്‍ 21ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രസവത്തിനു മുന്‍പ് അസ്വസ്ഥത അനുഭവപ്പെട്ടതോടെ യുവതി ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്കു പറഞ്ഞയച്ചു. സഹോദരി തിരികെ എത്തിയപ്പോഴാണ് യുവതി പ്രസവിച്ചിരിക്കുന്നതായി കണ്ടത്. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി.

പ്രസവിക്കുമ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നത്.