കൊച്ചി/കോഴിക്കോട്: കൊച്ചിയിലും കരിപ്പൂരിലും വീണ്ടും സ്വർണ്ണ വേട്ട. നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വര്‍ണം പിടികൂടി. മസ്കറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ താമരശേരി സ്വദേശിയിൽ നിന്നാണ് 650 ഗ്രാം സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിൽ ആക്കി മുട്ടുകാലിൽ കെട്ടിവെച്ചു ഒളിപ്പിച്ചായിരുന്നു സ്വർണം എത്തിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തേപ്പുപെട്ടിയിൽ കടത്താൻ ശ്രമിച്ച 500 ഗ്രാം സ്വർണമാണ് എയർ ഇന്റലിജൻസ് പിടികൂടിയത് . ജിദ്ദയിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്ന് 24 കാരറ്റ് സ്വർണമാണ് പിടികൂടിയത്.
രണ്ടു ദിവസം മുമ്പും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിരുന്നു. ചെരുപ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 725 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശി അബ്ദുൾ കബീറിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.
നയതന്ത്ര സ്വർണ ക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി ആളുകളാണ് സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി പിടിയിലാകുന്നത്.
ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അര കോടിയിലധികം വില വരുന്ന ഒരു കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതിന് മുൻപുള്ള ദിവസവും 30.55 ലക്ഷം രൂപയുടെ സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു.
കഴിഞ്ഞ 19ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപ വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകളും പിടികൂടിയിരുന്നു. പാനൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരില്‍ നിന്നാണ് എട്ട് കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഇത്തരത്തിൽ 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു.