തിരുവനന്തപുരം: സി-ആപ്റ്റിലെ പാഴ്സൽ കള്ളക്കടത്തിന് നേതൃത്വം നൽകിയതായി വിമർശനം ഉയർന്ന ഡയറക്ടർ എം അബ്ദുൽ റഹ്മാനെ എൽബിഎസ് സെന്ററിന്റെ ഡയറക്ടറായി സ്ഥിരനിയമനം നൽകുന്നതിന് തിരക്കിട്ട നീക്കം. അബ്ദുൽ റഹ്മാൻ്റെ നിയമനം സ്ഥിരപ്പെടുത്താൻ ഡയറക്ടറുടെ യോഗ്യതാ വ്യവസ്ഥകൾ വെട്ടിക്കുറയ്ക്കുന്നതിന് സെന്ററിന്റെ വിശേഷാൽ നിയമത്തിൽ ഭേദഗതി വരുത്തും.
തിരിമറി നിത്യാഭ്യാസമാക്കിയെന്ന് ആരോപിക്കപ്പെടുന്ന വിവാദനായകനായ മന്ത്രി ജലീലിന്റെ നിർദ്ദേശാനുസരണമാണ് അബ്ദുൽ റഹ്മാൻ്റെ നീക്കം. ഇപ്പോൾ എൽബിഎസ് സെന്ററിന്റെ താൽക്കാലിക ചുമതലക്കാരനായ ഡയറക്ടർ അബ്ദുൽ റഹ്മാൻ തന്നെയാണ് സ്വന്തം തസ്തികയുടെ യോഗ്യതകളിൽ ഇളവ് വരുത്തണമെന്ന കരട് രേഖ തയ്യാറാക്കി ഓഗസ്റ്റ് 24 ന്റെ അടിയന്തിര യോഗത്തിന് നോട്ടീസ് നൽകിയിരിക്കുന്നുവെന്നതാണ് മറ്റൊരു വിരോധാഭാസം.
എഎെസിടിഇ ചട്ടപ്രകാരം നിയമിക്കപ്പെട്ടിട്ടുള്ള സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽമാർ, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർമാർ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച്
ഇന്റർവ്യൂ നടത്തി എൽബിഎസ് ഡയറക്ടറെ നിയമിക്കണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ 15 വർഷമായി നിലനിൽക്കുന്ന ഈ വ്യവസ്ഥയാണ് അബ്ദുൽ റഹ്മാനെ ഡയറക്ടർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതിനു ഭേദഗതി ചെയ്യുന്നത്. ഓഗസ്റ്റ് 24 ന് ചേരുന്ന വിശേഷാൽ ചട്ട ഭേദഗതി കമ്മിറ്റിയുടെ ശുപാർശ മന്ത്രി അധ്യക്ഷനായ ഗവേർണിംഗ് കൗൺസിൽ അംഗീകരിച്ചശേഷം സർക്കാർ ഉത്തരവിറക്കും. എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ ഇത് എളുപ്പത്തിൽ നടത്തിയെടുക്കുമെന്നാണ് സൂചന.
സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽമാരെ ഒഴിവാക്കി എൽബിഎസിന്റെ കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പലിൽ നിന്നും നിയമനം നടത്തണമെന്ന ഭേദഗതിയാണ് കരട് നിർദ്ദേശത്തിലുള്ളത്. വിവിധ കോളേജ് പ്രവേശനങ്ങൾക്കും ഉദ്യോഗങ്ങൾക്കുമുള്ള മത്സരപരീക്ഷകൾ സൂക്ഷ്മതയോടും ജാഗ്രതയോടും ഉത്തരവാദിത്തത്തമാണ് എൽബിഎസ് സെൻ്റർ മേധാവിക്കുള്ളത്. മേധാവിയുടെ ഉന്നത യോഗ്യതകളിൽ ഇളവുവരുത്തുവാനുള്ള നീക്കങ്ങൾ സെന്ററിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുകയും നിലവാര തകർച്ചയ്ക്ക് ഇടയാക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വാശ്രയമേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് കോളേജുകളാണ് എൽബിഎസിന് കീഴിലുള്ളത്. അതുവഴി നിയമിക്കപെടുമ്പോൾ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തിന് തത്തുല്യമായ എൽബിഎസ് ഡയറക്ടറുടെ സ്ഥിരം നിയമനം നേടാനാകും. സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ സീനിയർ പ്രിൻസിപ്പൽമാരെ മാത്രമേ എൽബിഎസ് ഡയറക്ടർമാരായി ഇതുവരെ നിയമിച്ചിട്ടുള്ളു. ഇത് അട്ടിമറിക്കാനാണ് മന്ത്രി ജലീലും അബ്ദുൾ റഹ്മാനും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.
എൽബിഎസ് ഡയറക്ടറായിരുന്ന സർക്കാർ എഞ്ചിനീറിംഗ് കോളേജ് സീനിയർ പ്രിൻസിപ്പൽ ഡോ.ഷാജി സേനാധിപന് സർക്കാർ സർവീസിൽ നിന്ന് വിരമിച്ചെങ്കിലും എൽബിഎസ് ചട്ടമനുസ്സരിച്ചു 58 വയസുവരെ തുടരാം. ഇടതുപക്ഷ അനുഭാവികൂടിയായ ഡോ.ഷാജി സേനാധിപന് തുടർനിയമനം നല്കാൻ മന്ത്രി ജലീൽ വിസമ്മതിച്ചത് അബ്ദുൽ റഹ്മാന് ഡയറക്ടർ നിയമനം നൽകാനായിരുന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
സിആപ്റ്റ് ഡയറക്ടറെ പ്രിൻസിപ്പലാക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിൽ കെടിയു വൈസ്ചാൻസിലറെ ഉൾപ്പെടുത്തിയതും ക്രമക്കേടിൻ്റെ മറ്റൊരു മുഖമാണ്.സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്വാശ്രയ എഞ്ചിനീയറിങ് കോളേജിന്റെ പ്രിൻസിപ്പലിനെ തെരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ബോർഡിൽ അതെ സർവകലാശാലയുടെ വിസി തന്നെ അംഗമായി പങ്കെടുക്കുന്നത് ഇത് ആദ്യമാണ്.
2005 ൽ ഒരു യുഡിഎഫ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരിക്കെ കേരള സർവകലാശാലയിൽ നിന്ന് സപ്പ്ളിമെന്ററി പരീക്ഷയിലൂടെ എംടെക് പരീക്ഷ വിജയിച്ച അബ്ദുൽറഹ്മാനെ വഴിവിട്ട് യുഡിഎഫ് സർക്കാർ ടെക്നോളജി യൂണിവേഴ്സിറ്റിയുടെ ആദ്യ പ്രോ വൈസ് ചാൻസിലറായി നിയമിച്ചത് ഏറെ വിവാദമായിരുന്നു. പിവിസി യുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന്, ഇടതു സംഘനകളുടെ എതിർപ്പ് അവഗണിച്ചു് മന്ത്രി ജലീലിൽ, അദ്ദേഹത്തെ സിആപ്റ്റ് ഡയറക്ടറായി നിയമിക്കുകയായിരുന്നു.
സി ആപ്റ്റിലെ പാർസൽ കള്ളക്കടത്ത് പുറത്തായതോടെ ഐഐടി പ്രൊഫസർമാർ ഉൾപ്പടെയുള്ളവരുടെ അപേക്ഷകൾ തള്ളിക്കളഞ്ഞാണ് മന്ത്രിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ അബ്ദുൾ റഹ്മാന് തിരുവനന്തപുരത്തെ എൽ ബിഎസ് കോളേജിന്റെ പ്രിൻസിപ്പലായി നിയമനവും എൽ ബിഎസ് ഡയറക്ടറുടെ പൂർണ അധികചുമതലയും നൽകിയതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.
അതേസമയം 24 ന് തീരുമാനിച്ചിട്ടുള്ള സ്പെഷ്യൽ റൂൾ ഭേദഗതി കമ്മിറ്റിയോഗം മാറ്റിവെയ്ക്കണമെന്ന് എൽ ബിഎസ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.
അബ്ദുൽ റഹ്മാന് പ്രിൻസിപ്പൽ തസ്തികയ്ക്കുള്ള യോഗ്യതകൾ ഇല്ലാത്തതിനാൽ പ്രസ്തുത നിയമനം ഉടനടി റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർക്കും നിവേദനം നൽകി. എഎെസിടിഇ യും
യുജിസിയും നിഷ്കർഷിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതകളും, ഗവേഷണ മേൽനോട്ടപരിചവും,അംഗീകൃത പ്രസിദ്ധീകരണങ്ങളും അബ്ദുൾ റഹ്മാന് ഇല്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി എം ഷാജർഖാനും
നിവേദനത്തിൽ പറയുന്നു.
കള്ളക്കടത്തു പിടിക്കപ്പെട്ടപ്പോൾ മതഗ്രന്ഥങ്ങളെ സാക്ഷ്യം നിർത്തിയതുപോലെയാണ് യോഗ്യതകളില്ലാത്ത സി. ആപ്റ്റ് ഡയറക്ടറെ പ്രിൻസിപ്പലാക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിൽ കെടിയു വൈസ്ചാൻസിലറെ മന്ത്രി ജലീൽ സാക്ഷ്യം നിർത്തിയതെന്ന് അവർ ആരോപിച്ചു.