പാട്ന: രാജ്യത്ത് 51 ശതമാനത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് ലോക്ക്ഡൌണില്‍ വരുമാന നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. എസ് സി, എസ് ടി വിഭാഗങ്ങളിലുള്ളവര്‍ക്ക് തൊഴില്‍ നഷ്ടം മറ്റ് വിഭാഗങ്ങളിലുള്ളവരെ അപേക്ഷിച്ച് വളരെയധികമാണ്. യൂണിസെഫും ഡെവലപ്മെന്‍റ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
തൊഴില്‍ ഇല്ലാതായ സാഹചര്യം കുടിയേറ്റ തൊഴിലാളികളെ തിരികെ അവരുടെ നാടുകളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. 21 ലക്ഷം ആളുകളാണ് ലോക്ക്ഡൌണ്‍ കാലത്ത് ബിഹാറിലേക്ക് തിരികെയെത്തിയത്.
റോഡുപണി, പാലം പണി, പെയിന്‍റിംഗ്, മെക്കാനിക്ക്, മേസ്തിരി, സഹായി തുടങ്ങി നിരവധി മേഖലകളിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. തൊഴിലും വരുമാനവും നിലച്ച് തിരികെ നാട്ടിലെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അതീവ ക്ലേശകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോവേണ്ടതെന്നാണ് ബിഹാറിലെ യൂണിസെഫ് സോഷ്യല്‍ പോളിസി സ്പെഷ്യലിസ്റ്റ് ഉര്‍വ്വശി കൌശിക് വ്യക്തമക്കുന്നത്.
ബിഹാറിലെ പാട്നയില്‍ നടത്തിയ പഠനത്തില്‍ 51 ശതമാനം കുടിയേറ്റ തൊഴിലാളികള്‍ക്ക് വരുമാനത്തില്‍ കുറവ് വന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 30 ശതമാനം പേര്‍ക്ക് വരുമാനം പൂര്‍ണമായും നിലച്ചു. ഏഴ് ശതമാനം പേര്‍ക്കാണ് വരുമാനത്തില്‍ തകരാറുകള്‍ നേരിടാത്തത്. 42 ശതമാനം ആളുകള്‍ക്കാണ് റേഷനായി ലഭിച്ച വസ്തുക്കള്‍ ആവശ്യത്തിനുണ്ടായിരുന്നത്. ശരാശരി 1320 രൂപയാണ് സര്‍ക്കാരില്‍ നിന്നും ഇവര്‍ക്ക് ലഭിച്ചതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.