തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ തുടർനടപടികൾ തീരുമാനിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിച്ചു.ഇന്ന് വൈകിട്ട് നാലുമണിക്കാണ് സർവകക്ഷിയോഗം ചേരുക. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇതിനെതിരേ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളം നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു.
രാഷ്ട്രീയ പ്രതിരോധമെന്നോണമാണ് സർക്കാർ അടിയന്തര സർവകക്ഷിയോഗം വിളിച്ചത്. കൊറോണ വ്യാപന സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് സർവ്വകക്ഷിയോഗം ചേരുക. വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറുന്നതിനെതിരെ പ്രതിപക്ഷത്തിനും എതിർപ്പുണ്ട്.
തിരുവനന്തപുരത്തെ ബിജെപി ഘടകം വിമാനത്താവളം അദാനിക്ക് നൽകുന്നതിനെതിരെ നേരത്തെ സമരം ചെയ്തിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ തീരുമാനം വന്ന സ്ഥിതിക്ക് ബിജെപി എന്തുനിലപാട് സ്വീകരിക്കും എന്നത് കൗതുകത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
50 വര്‍ഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്നത് സംബന്ധിച്ച് തീരുമാനം ആയത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കരുതെന്ന സംസ്ഥാനത്തിൻ്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ തീരുമാനം.