എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍

ചെന്നൈ: കൊറോണ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി വൈകീട്ട് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കൊറോണ സ്ഥിരീകരിച്ച എസ്പിബിയെ ഈ മാസം അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

‘അച്ഛന്റെ സ്ഥിതിയില്‍ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. വെന്റിലേറ്ററില്‍ നിന്നും അദ്ദേഹത്തെ മാറ്റിയെന്നു ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അതൊന്നും ശരിയല്ല. വരും ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. നിങ്ങളുടെ പ്രാര്‍ഥനകള്‍ ഉണ്ടാകണം’ മകന്‍ വ്യക്തമാക്കിയിരുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചെറിയതോതില്‍ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ എന്നും എസ്പിബി അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ അദ്ദേഹത്തെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നു വാര്‍ത്തകള്‍ പുറത്തുവന്നു.