ഫീസടയ്ക്കാത്തതിന് സ്വകാര്യ സ്കൂൾ അധികൃതർ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം തടയുന്നതായി പരാതി

ബെംഗളൂരു: കർണാടകയിൽ ഫീസടയ്ക്കാത്തതിന് സ്വകാര്യ സ്കൂൾ അധികൃതർ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം തടയുന്നതായി പരാതി. മലയാളികളടക്കമുള്ള നൂറുകണക്കിന് രക്ഷിതാക്കളാണ് കർണാടക മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്. സാധാരണ സ്കൂളുകൾ പ്രവർത്തിക്കുമ്പോഴുള്ള യാതൊരു സൗകര്യവും ഇപ്പോൾ സ്കൂൾ അധികൃതർ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നില്ല, എന്നിട്ടും പല സൗകര്യങ്ങൾക്കും ഇപ്പോഴും തുക ഈടാക്കുന്നായും പരാതിയുണ്ട്.

മലയാളികളടക്കം ഇരുന്നൂറോളം രക്ഷിതാക്കളാണ് ബെംഗളൂരുവിലെ വിവിധ സ്വകാര്യ സ്കൂളുകളുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്. അടിയന്തിരമായി സർക്കാർ പ്രശ്നത്തിൽ ഇടപെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

കൊറോണ വ്യാപന കാലത്ത് ബെംഗളൂരുവിൽ ജോലി നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരുമായ മലയാളി രക്ഷിതാക്കൾ നിരവധിയാണ്. പലർക്കും മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ സാധിച്ചിട്ടില്ല. ഫീസ് ലഭിച്ചില്ലെന്ന കാരണത്താൽ വിദ്യാർത്ഥികളുടെ പഠനം മുടക്കരുതെന്ന് കർശന സർക്കാർ നിർദേശം നിലനിൽക്കേയാണ് പല വിദ്യാർത്ഥികൾക്കുമെതിരേ സ്വകാര്യ സ്കൂൾ മാനേജ്മെൻറുകളുടെ നടപടി. വിദ്യാർത്ഥിയെ സ്കൂളിൽനിന്നും പുറത്താക്കുന്ന നടപടി പോലുമുണ്ടായി.