തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം വീടുകളിൽ പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം.
ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫൻസിലാണ് മുഖ്യമന്ത്രി ഓണക്കാല നിർദ്ദേശങ്ങൾ നൽകിയത്. പൂക്കളം ഒരുക്കാൻ അതത് പ്രദേശങ്ങളിലെ പൂക്കൾ ഉപയോഗിക്കണം. പുറത്ത് നിന്ന് വരുന്ന പൂക്കൾ രോഗവ്യാപന സാധ്യത കൂട്ടും.
ഓണക്കാലത്ത് തിരക്ക് ഒഴിവാക്കാനായി പൊലീസ് ഇടപെടണം. പൊതുസ്ഥലത്ത് ഓണാഘോഷം പാടില്ല. കർശന നിയന്ത്രണങ്ങൾ തുടരണം. കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയായിരിക്കും. ശാരീരിക അകലം ഉറപ്പാക്കണം. രോഗവ്യാപനം രൂക്ഷമാക്കാൻ ശ്രമമുണ്ടെന്നും അത്തക്കാരുടെ മുന്നിൽ നിസ്സഹായരാകരുതെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
പൊതുസ്ഥലങ്ങളില്‍ ഓണാഘോഷവും ഓണസദ്യയും പാടില്ലെന്നും ഭക്ഷണശാലകളില്‍ സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിക്കാമെന്നതടക്കമുള്ള കാര്യങ്ങൾ നേരത്തെ പല ജില്ലാ കളക്ടർമാരും വ്യക്തമാക്കിയിരുന്നു.