കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ ; അന്തിമ തീരുമാനം ഇന്ന്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ വരുന്നു. നോണ്‍ ഗസറ്റഡ് തസ്തികകളിലെ നിയമനത്തിനാണ് പൊതു യോഗ്യതാ പരീക്ഷ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നതിനുള്ള നിര്‍ദേശവും ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും. അമൃതസര്‍, വാരാണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, റായ്പുര്‍, ട്രിച്ചി വിമാനത്താവളങ്ങള്‍ രണ്ടാംഘട്ട സ്വകാര്യവത്കരണത്തില്‍ ഉള്‍പ്പെടുത്തിയതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനം, മാനേജ്‌മെന്റ്, വികസനം എന്നിവ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ആക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം, ലക്‌നൗ, അഹമ്മദാബാദ്, ജയ്പുര്‍, മംഗലാപുരം, ഗുവാഹതി എന്നിവയാണ് ആദ്യ ഘട്ട സ്വകാര്യവത്കരണത്തില്‍ ഉള്‍പ്പെടുത്തിയത്. അദാനി എന്റര്‍െ്രെപസസ് ആണ് ഇതിനുള്ള കരാര്‍ നേടിയത്. ഇതില്‍ അഹമ്മദാബാദ്, മംഗലാപുരം, ലക്‌നൗ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന് അദാനി എയര്‍പോര്‍ട്ട് അതോറിറ്റിയുമായി കരാര്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. മറ്റു വിമാനത്താവളങ്ങളുടെ കൈമാറ്റ നടപടികള്‍ പുരോഗമിക്കുകയാണ്.

നൂറിലേറെ വിമാനത്താവളങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പക്കല്‍ ഉള്ളത്. ഇതു കുറച്ചുകൊണ്ടുവരികയാണ് സര്‍ക്കാര്‍ നയം. സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക നീണ്ടതാണെന്ന് മന്ത്രി പറഞ്ഞു. 2030 ഓടെ രാജ്യത്ത് കൂടുതല്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.