വിമാനത്താവളങ്ങൾ കച്ചവടത്തിന് ; രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുന്നു

ന്യൂഡെൽഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുന്നു. രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയർപോർട്ട് അതോറിറ്റിക്കാണ്. ഇതിൽ 25-ഓളം വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാനാണ് തീരുമാനം.

എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സർക്കാർ നിലപാട്.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, പഞ്ചാബിലെ അമൃത്സർ, യുപിയിലെ വാരണാസി, ഒഡിഷയിലെ ഭുവനേശ്വർ, മധ്യപ്രദേശിലെ ഇൻഡോർ, ഛത്തിസ്ഗഡിലെ റായ്പുർ എന്നീ വിമാനത്താവളങ്ങളാണ് രണ്ടാം ഘട്ട സ്വകാര്യവത്കരണത്തിൽ ഉൾപ്പെടുത്തിട്ടുള്ളത്.

ഇതിനുള്ള നിർദ്ദേശം നാളെ മന്ത്രിസഭായോഗത്തില്‍ വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ആറു വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം, ലക്‌നൗ, അഹമ്മദാബാദ്, ജയ്പുര്‍, മംഗലാപുരം, ഗുവാഹതി എന്നിവയാണ് ആദ്യ ഘട്ട സ്വകാര്യവത്കരണത്തില്‍ ഉള്‍പ്പെടുത്തിയത്.

അദാനി എന്റര്‍പ്രൈസസ് ആണ് ഇതിനുള്ള കരാര്‍ നേടിയത്. തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങൾ ഇതുവരെ അദാനി ഗ്രൂപ്പിന് കൈമാറിയിട്ടില്ല.