ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ പ്രതിരോധ മരുന്നുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് നീതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചു. നിലവിൽ മൂന്നു കമ്പനികളുടെ പരീക്ഷണമാണ് പുരോഗമിക്കുന്നത്. ഒരു കമ്പനിയുടെ പരീക്ഷണം വരും ദിവസങ്ങളിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മരുന്നിന്റെ പരീക്ഷണം നിരീക്ഷിക്കുന്ന വിദഗ്ധ സമിതിയുടെ ചെയർമാനാണ് വി കെ പോൾ. മരുന്നുകളുടെ മൂന്നാംഘട്ട പരീക്ഷണം നീണ്ട പ്രക്രിയയാണ്.
കൊറോണ രോഗം വേറൊരു തലത്തിലേക്ക് കടക്കുകയാണ്. ആരോഗ്യ ശാസ്ത്ര വിദഗ്ധർ ഇതെക്കുറിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. വളരെക്കാലത്തിനു ശേഷവും ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ, കാര്യങ്ങൾ ഇപ്പോൾ അത്രയധികം അപകടകരമല്ലെന്നും വി കെ പോൾ പറഞ്ഞു.
അതേസമയം, കൊറോണ വൈറസ് രോഗമുക്തി നേടിയവർ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ചിലരിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശ്വാസതടസ്സവും അണുബാധയും പലർക്കും അനുഭവപ്പെടുന്നുണ്ട്. ഇതിനുള്ള മുൻകരുതൽ എടുക്കണമെന്നും ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.