ഗോവ മുഖ്യമന്ത്രിയുമായി കൊമ്പുകോർത്ത ഗവർണർ സത്യപാൽ മാലിക്കിനെ മേഘാലയയിലേക്ക് സ്ഥലം മാറ്റി

പനാജി: ഗോവയിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൊമ്പുകോർത്ത ഗവർണർ സത്യപാൽ മാലിക്കിനെ മേഘാലയയിലേക്ക് സ്ഥലം മാറ്റി. സത്യപാൽ മാലിക്കിനെ മേഘാലയ ഗവർണറായി നിയമിച്ച് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്‌ ഉത്തരവ് പുറത്തിറക്കി. ഇതേ തുടർന്ന് മഹാരാഷ്ട്ര ഗവർണര്‍ ഭഗത് സിംഗ് കോഷ്യാരിക്ക് ഗോവയുടെ അധിക ചുമതല കൂടി നൽകി.

ജൂലൈ മധ്യത്തില്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തും ഗവർണർ സത്യപാൽ മാലിക്കും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായത്. ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

2019 നവംബറിലാണ് ഗോവയുടെ ഗവർണറായി സത്യപാൽ മലിക് നിയമിതനായത്. മുമ്പ് ജമ്മു കശ്മീർ സംസ്ഥാനത്തെ അവസാന ഗവർണർ ആയിരുന്നു ഇദ്ദേഹം. ജമ്മു കശ്മീർ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടതോടെയാണ് ഇദ്ദേഹം ഗോവ ഗവർണറായി ചുമതലയേറ്റത്.