തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 24 ന് നിയമസഭ പരിഗണിക്കും. സഭാസമ്മേളനം അന്നു മാത്രമാണെന്നതിനാൽ അവിശ്വാസ പ്രമേയ ചർച്ച എത്ര സമയം അനുവദിക്കണമെന്നുളളത് പ്രതിക്ഷവുമായി ആലോചിക്ക് തീരുമാനിക്കും. എന്നാൽ സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം പരിഗണിക്കുകയില്ല.
സ്വർണക്കടത്തു കേസിൽ എൻഐഎ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ നടത്തിയ പരാമർശം നിയമസഭയിൽ ഉയർത്തി പിടിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് അവിശ്വാസത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമാക്കുന്നത്. അതുവഴി മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള പങ്കും പൊള്ളത്തരവും പൊളിച്ചു കാട്ടുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു.
പിണറായി വിജയൻ സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയത്തിന് വിഡിസതീശൻ എംഎൽഎയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ധനകാര്യ ബിൽ പാസ്സാക്കുന്നതിനാണ് തിങ്കളാഴ്ച നിയമസഭ ചേരുന്നത്. ഈ സമയം സഭയിൽ അവിശ്വാസ പ്രമേയ നോട്ടീസും പരിഗണനയ്ക്ക് വരും. നിയമസഭ ചേരുന്നത് ഒരു ദിവസത്തേക്ക് മാത്രമായതിനാൽ നാലുമണിക്കൂർ വരെയാകും പ്രമേയത്തിൻമേൽ ചർച്ച യെന്നാണ് സൂചന. ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പാണ്.
സാങ്കതിക കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ചട്ടപ്രകാരം 14 ദിവസം മുമ്പ് നോട്ടീസ് നിയമസഭാ സെക്രട്ടറിക്ക് ലഭിക്കേണ്ടതുണ്ട്. ഈ ചട്ടം പാലിക്കാത്തതിനാലാണ് സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി ലഭിക്കാതിരുന്നത്.
അവിശ്വാസ ചർച്ചയിൽ പ്രതിപക്ഷം സ്പീക്കർക്കെതിരെയും ആഞ്ഞടിക്കാനിടയുണ്ട്. സ്വർണക്കടത്ത് പ്രതി സ്വപ്നയും സ്പീക്കറുമായുള്ള പല ചിത്രങ്ങളും ഏറെ വിവാദമായിരുന്നു. നെടുമങ്ങാട്ടെ കടയുടെ ഉദ്ഘാടനത്തിന് സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വപ്നയ്ക്കൊപ്പം വേദി പങ്കിട്ടത് അടക്കം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കർക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പും 24 ന് തന്നെയാണ്. ഇടതു മുന്നണിയിലെ എംവി ശ്രേയാംസ് കുമാർ രാജ്യസഭാംഗകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കേരളാ കോൺഗ്രസിലെ ഭിന്നതകളെ തുടർന്ന് യുഡിഎഫ് മുന്നണിയിൽ നിന്ന് പുറത്താക്കിയ ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനും എൻ ജയരാജും രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അവിശ്വാസ പ്രമേയ വിഷയത്തിൽ ഇവർ എന്തു നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാകും.