ന്യൂഡെൽഹി: കഴിഞ്ഞയാഴ്ച കൊറോണ രോഗ വിമുക്തനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിദഗ്ധ പരിശോധനയ്ക്ക് ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അമിത് ഷാ.
കഴിഞ്ഞ മൂന്ന് നാലു ദിവസമായി ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനാൽ തിങ്കളാഴ്ച രാത്രിയാണ് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം സുഖമായിരിക്കുന്നു. ആശുപത്രിയിൽ നിന്ന് തന്റെ ജോലി തുടരുകയാണെന്ന് എയിംസിന്റെ മാധ്യമ വക്താവ് ഡോ. ആരതി വിജ് അറിയിച്ചു.
ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷാ കൊറോണ പോസിറ്റീവായത്. തുടർന്ന് വിദഗ്ധ ചികിൽസയിൽ ഓഗസ്റ്റ് 14 ന് കൊറോണ നെഗറ്റീവായതിനെ തുടർന്ന് ഗുരുഗ്രാമിലെ മെഡന്ത ആശുപത്രിയിൽ നിന്ന് അമിത് ഷായെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ ഡോക്ടർമാരുടെ ഉപദേശപ്രകാരം 55 കാരനായ അമിത് ഷാ കുറച്ച് ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.