പാറ്റ്ന: വ്യവസായമന്ത്രി ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പുറത്താക്കി. രാജകിനെ ജനതാദളി (യു)ൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ശ്യാം രാജക് ലാലുപ്രസാദ് യാദവിന്റെ ആർജെഡിയിൽ ചേരാനിരിക്കെയാണ് മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും ഇദ്ദേഹത്തെ പുറത്താക്കിയത്.
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ ശ്യാം രാജക് തിങ്കളാഴ്ച ജനതാദളി (യു)ൽ നിന്ന് രാജിവച്ച് ആർജെഡിയിൽ ചേരുമെന്ന് സൂചന വന്നതോടെയാണ് ഞായറാഴ്ച തന്നെ ഇദ്ദേഹത്തെ മന്ത്രിസഭയിൽ പുറത്താക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ തീരുമാനിച്ചത്.ഈ ആവശ്യമുന്നയിച്ച് നിതീഷ് കുമാർ നൽകിയ കത്ത് ഗവർണർ ഫാഗു ചൗഹാൻ വൈകീട്ട് അംഗീകരിച്ചതോടെ
രാജകിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ രാജകിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജെഡിയു സംസ്ഥാന അധ്യക്ഷൻ ബസിസ്ത നാരായൺ സിംഗും അറിയിച്ചു. ആർജെഡിയിലായിരുന്ന രാജക് 2009-ലാണ് നിതീഷിൻ്റെ ജനതാദളിൽ ചേർന്നത്.