തിരുവനന്തപുരം: ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. ആശ കിഷോർ വീണ്ടും ചുമതലയിൽ. ഡയറക്ടർ പദവിയിൽ പുനർ നിയമനം സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയതിനെ തുടർന്നാണ് അവധി റദ്ദാക്കി ഡോ. ആശാ കിഷോർ ചുമതലയിൽ തിരികെ എത്തിയത്.
മേയ് 12ന് ചേർന്ന ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയിൽ ആശാ കിഷോറിന് ഡയറക്ടർ സ്ഥാനത്ത് തുടരാമെന്ന തീരുമാനമെടുത്തിരുന്നു. 2025 ഫെബ്രുവരിയിൽ വിരമിക്കുന്നത് വരെയാണ് കാലാവധി. ഇതിനെതിരെ ഒരു വിഭാഗം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ആശാ കിഷോർ ഡയറക്ടറായി തുടരുമെന്ന ഉത്തരവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തു. ഇ തിനെതിരെ ആശാ കിഷോർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സീനിയർ പ്രൊഫസർ തസ്തികയിലാണ് ഇവർ ഇപ്പോൾ. ശ്രീചിത്രയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഡയറക്ടറുടെ കാലവധി നീട്ടിയതെന്നും ഇതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നുമാണ് സ്ഥാപനത്തിന്റെ വിശദീകരണം.
ആശ കിഷോർ നടത്തിയ നിയമനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് മുൻ ഡിജിപിയും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ബോഡി അംഗവുമായ സെൻകുമാർ നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നു. ചില നിയമനങ്ങളിൽ സംവരണ തത്വം പാലിച്ചില്ലെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തൽ എന്നാൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നില്ല.